Join News @ Iritty Whats App Group

കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനം; രാജ്യമാകെ വിപുലമായ പരിപാടികളുമായി എഐസിസി, ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമാണ് ഇന്ന്. രാജ്യമാകെ വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകുകയാണ് എഐസിസി. രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എ ഐ സി സി ആസ്ഥാനത്ത് പതാക ഉയര്‍ത്തും.സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നുവെന്ന പ്രഖ്യാപനവും സ്ഥാപകദിനത്തിൽ കോൺഗ്രസ് നടത്തുകയാണ്.

ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെയാണ് ആ പ്രഖ്യാപനം. സ്ഥാപകദിനത്തിൽ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികൾ പി സി സികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കേരള പ്രദേശ് കമ്മിറ്റിയും ഇന്ന് വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷം നടത്തുന്നുണ്ട്.

കേരളത്തിലും ആഘോഷങ്ങൾ;

കണ്ണൂര്‍ ഡി സി സിയില്‍ രാവിലെ 9 ന് നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനതല ജന്മദിനാഘോഷങ്ങള്‍ക്ക് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി പ്രസിഡന്റ് പാർട്ടിയുടെ ജന്മദിന സന്ദേശം നല്‍കും. കെ പി സി സി ഓഫീസിലും ഡി സി സി ആസ്ഥാനങ്ങളിലും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള മുഴുവന്‍ കൊടിമരങ്ങളിലും ബൂത്ത് കമ്മിറ്റികളിലും ചര്‍ക്കാങ്കിതമായ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും.

കെ പി സി സി ആസ്ഥാനത്ത് രാവിലെ 10 ന് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി, കെ പി സി സി – ഡി സി സി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി സി സികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ പിന്‍തലമുറക്കാരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആദരിക്കുകയും ചെയ്യും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഭവന സന്ദര്‍ശനം നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group