Join News @ Iritty Whats App Group

ചിത്തിര ആട്ടവിശേഷം; ശബരിമല നട വെള്ളിയാഴ്ച തുറക്കും; KSRTC പമ്പയിലേക്ക് സർവീസ് നടത്തും


പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വെള്ളിയാഴ്ച്ച (10/11/2023) ന് വൈകുന്നേരം 5 ന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. 11ന് ആണ് ആട്ട ചിത്തിര പൂജകൾ. ചിത്തിര ആട്ടവിശേഷ ദിവസം പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7.30ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒന്നിന് നടയടക്കും.

വൈകിട്ട് അഞ്ചിന് നടതുറന്ന് 6.30ന് പൂജയോടുകൂടി ദീപാരാധന നടക്കും. 6.45 ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10 ന് ഹരിവരാസനം ചൊല്ലി നട അടക്കും. മണ്ഡല ഉത്സവത്തിനായി 16ന് വൈകിട്ട് വീണ്ടും ക്ഷേത്രനട തുറക്കും.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group