കൊട്ടിയൂര്‍ ടൗണില്‍ കാട്ടുപന്നി ഇറങ്ങി ആക്രമണം നടത്തിയ സംഭവം പഞ്ചായത്തിന്‍റെ അനാസ്ഥയെന്ന് കേരള ഇൻഡിപെൻഡൻസ് ഫാര്‍മേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കൊട്ടിയൂര്‍ ടൗണില്‍ കഴിഞ്ഞദിവസം പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങി ആക്രമണം നടത്തുകയുണ്ടായി. കാല്‍നടയാത്രികനായ ഒരാള്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കിഫ കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കഴിഞ്ഞ ജൂണ്‍ മാസം കൊല്ലാനുള്ള അനുമതി തേടി കൊട്ടിയൂര്‍ പഞ്ചായത്തിലെ 450 കര്‍ഷകരുടെ അപേക്ഷകള്‍ നേരിട്ട് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായ പഞ്ചായത്ത് പ്രസിഡന്‍റിനു കൈമാറിയിരുന്നു.
കിഫയുടെ ഷൂട്ടര്‍മാരുടെ സൗജന്യ സേവനവും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ പഞ്ചായത്ത് പ്രസിഡന്‍റ് കാട്ടുപന്നിയെ കൊല്ലാനായി സര്‍ക്കാര്‍ നല്‍കിയ അധികാരം ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയോ അപേക്ഷകര്‍ക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. തന്‍റെ അധികാരങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പോലും വിനിയോഗിക്കാത്ത ആളാണ് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കസേരയില്‍ ഇരിക്കുന്നതെന്ന് കിഫ കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വില്‍സണ്‍ വടക്കയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് മാനദണ്ഡപ്രകാരം നല്‍കിയ 450 അപേക്ഷകള്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment