Join News @ Iritty Whats App Group

ആദ്യം രണ്ടു വിരലുകള്‍ മുറിച്ചു, പിന്നീട് അത് മൂന്നാക്കി; ഒടുവില്‍ വലതുകാല്‍പാദം തന്നെ മുറിച്ചു മാറ്റി; കാനം ആശുപത്രിയില്‍; പാര്‍ട്ടി സ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ കത്ത്

പ്രമേഹ രോഗത്തിനോടൊപ്പം അണുബാധയുംകൂടി ഉണ്ടായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പാദം മുറിച്ചു മാറ്റി. രണ്ടു മാസം മുമ്പാണ് കാനത്തിന്റെ വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല.

രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ്, രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ശസ്ത്രക്രിയ വേളയില്‍ മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റിയത്.

കാനത്തിന്റെ ഇടതു കാലിന് മുന്‍പ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ് കാനം. 30ന് ചേരുന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണിത് പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും കൂടുതല്‍ സജീവമാകാനാണ് സാധ്യത. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി അപേക്ഷ ഈ മാസം 30 ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം പരിഗണിക്കും. തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യമായ പ്രശ്‌നം ഒന്നും ഇല്ലാത്ത വലതുകാലിലെ പാദമാണ് ഇപ്പോള്‍ മുറിച്ച് മാറ്റേണ്ടി വന്നത്.

അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കാനം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group