Join News @ Iritty Whats App Group

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സിഖ് ഫോര്‍ ജസ്റ്റീസ് ഭീഷണി; ഗൗരവമായി കാണണമെന്ന് രഹസ്യന്വേഷണ വിഭാഗം

ന്യൂഡല്‍ഹി: കാനഡ ആസ്ഥാനമായ ഭീകരസംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂണ്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കു നേരെയുയര്‍ത്തിയ ഭീഷണി ഗൗരവമുള്ളത് തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 19നോ അതിനു ശേഷമോ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നായിരുന്നു ഗുര്‍പത്‌വന്ത് സിംഗ് പന്നുവിന്റെ ഭീഷണി. ഇന്ത്യയ്‌ക്കെതിരെ യുവാക്കളെ പ്രകോപിപ്പിച്ചുവിടുകയാണ് പന്നുണ്‍ ചെയ്യുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ മാതൃകയില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു പന്നുവിന്റെ ഭീഷണി.

എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന എല്ലാ രാജ്യങ്ങളിലെയും പ്രമുഖ നഗരങ്ങളിലും അധിക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. പന്നൂണ്‍ സ്വതന്ത്ര്യനായി ലോകം മുഴുവന്‍ ചുറ്റുകയാണ്. ഒരു രാജ്യവും അയാള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്ന വിഷയമാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പന്നുവിന് ഒറ്റയ്ക്ക് എന്തെങ്കിലും ഗൗരവമായി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇന്ത്യയ്‌ക്കെതിരെ ഒരു കാരണവുമില്ലാതെ യുവാക്കളെ ഇളക്കിവിടുകയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പന്നുവിനെതിരെ മാത്രമല്ല, ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ആഗോള ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഞങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. പന്നുവിന്റെ പാകിസ്താനിലെ ഇമിഗ്രേഷന്‍ റാക്കറ്റുമായുള്ള ബന്ധം ലോകത്തിന് അറിയാം. ജസ്റ്റിന്‍ ട്രൂഡോ ഇത് ശ്രവിക്കുമെന്നും ഈ ഭീകരനെതിരെ നടപടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂട്ടിച്ചേര്‍ത്തു.

1985ജൂണ്‍ 23ന് ടൊറോന്റോയില്‍ നിന്ന് ലണ്ടനിലെ ഹീത്രു വഴി ഡല്‍ഹി- മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്‌ക 747 വിമാനമാണ് യാത്രയ്ക്കിടെ സ്‌ഫോടനത്തില്‍ തകര്‍ന്നത്. 22 ജീവനക്കാരടക്കം 329 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സഞ്ചരിക്കരുതെന്നും വാന്‍കൂവറില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനം ബഹിഷ്‌കരിക്കണമെന്നും അല്ലാത്ത പക്ഷം ജീവന് ഭീഷണിയുണ്ടാകുമെന്നും പന്നുണ്‍ സിഖ് ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 19ന് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചിടണമെന്നും ഭീഷണി മുഴക്കി. ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നടക്കുന്ന ദിവസം കൂടിയാണ് അന്ന്.

ഇന്ദിരാ ഗാന്ധിയുടെ വധത്തെ പ്രകീര്‍ത്തിച്ച പന്നുണ്‍, ഡല്‍ഹി വിമാനത്താവളത്തിന് ഇന്ദിരാ ഗാന്ധിയെ വധിച്ച സുരക്ഷാ ജീവനക്കാരായ ബീയാന്ത് സിംഗ്, സ്വാവന്ത് സിംഗ് എന്നിവരുടെ പേര് നല്‍കുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. നടന്‍ അമിതാഭ് ബച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥ്, ജഗ്ദീഷ് ടൈറ്റലര്‍ എന്നിവര്‍ക്കെതിരെയും പന്നുണ്‍ ഭീഷണി മുഴക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group