Join News @ Iritty Whats App Group

ഇറച്ചിയും പ‍ച്ചക്കറികളും എത്തിച്ചു; വയനാട്ടിൽ മാവോയിസ്റ്റുകൾ മേഖലാ ക്യാംപ് നടത്താൻ ശ്രമിച്ചതായി സൂചന


വയനാട്: ഏറ്റുമുട്ടലുണ്ടായ പേര്യ ചപ്പാരത്തേക്ക് അഞ്ചുകിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയും മാവോയിസ്റ്റുകൾ വരുത്തിച്ചതായി റിപ്പോർട്ട്. മേഖല ക്യാമ്പിനു വേണ്ടിയുള്ള ഒരുക്കമായിരുന്നോ എന്നാണ് പൊലീസും വിവിധ അന്വേഷണ ഏജൻസികളും സംശയിക്കുന്നത്. 5 കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ഇങ്ങോട്ടേക്ക് എത്തിച്ചത്. സന്ദേശവാഹകൻ പിടിയിലായതോടെ യോഗം പൊളിഞ്ഞ സാഹചര്യമാണുള്ളത്. പശ്ചിഘട്ടത്തിലെ പുതിയ നായകൻ എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് ആണോ എന്നുമുള്ള അന്വേഷണത്തിലാണ് പൊലീസും അന്വേഷണ ഏജൻസികളും. 

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചപ്പാരത്ത് എത്തിയ ചന്ദ്രുവും സുന്ദരിയും ലതയും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകണം എന്നാവശ്യപ്പെട്ട് പട്ടിക നൽകുന്നു. ഒപ്പം മൂവായിരം രൂപയും. പിറ്റേന്ന് രാത്രി ചപ്പാരത്ത് എത്തിയത് ആ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകാൻ കൂടിയാണ്. അപ്പോഴാണ് ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായതും ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മേഖലാ യോഗത്തിനുള്ള ഭക്ഷണമായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

പതിവനുസരിച്ച് ഇത്രയധികം ഭക്ഷണ സാധനം പുറത്തുനിന്ന് ശേഖരിക്കാറില്ല. കാടിനോട് ചേർന്നുളള വീടുകളിലോ, കോളനികളിലോ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് ശീലം. അല്ലെങ്കിൽ കോളനികളിൽ നിന്ന് അരിയും സാധനങ്ങളും ശേഖരിച്ച് കാടുകയറും. രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളത്കൊണ്ട് അവർക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കേന്ദ്രകമ്മിറ്റിയേയും ദളങ്ങളേയും ബന്ധിപ്പിക്കുന്ന സന്ദേശവാഹകൻ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയിൽ വച്ച് പിടിയിലായതോടെ യോഗം പൊളിഞ്ഞു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
 
മറ്റ് സംവിധാനം ഉപയോഗിച്ച് ആശയവിനിമയം കഴിയാത്തതിനാൽ, ഈ സന്ദേശ വാഹകൻ വഴിയാണ് യോഗം സംബന്ധിച്ച നിർദ്ദേശങ്ങളും മറ്റുകാര്യങ്ങളുമെല്ലാമുണ്ടാവുക. യോഗ തീരുമാനങ്ങളും സന്ദേശവാഹകൻ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി. 2016മുതൽ 2022വരെ കൃത്യമായി എല്ലാവർഷവും സെപ്തംബർ ഒക്ടോബർ മാസങ്ങളിലായി കേരളത്തിൽ മേഖലാ യോഗങ്ങൾ ചേർന്നിട്ടുണ്ട്. അവസാനത്തെ മൂന്ന് യോഗങ്ങൾ വയനാട്ടിലായിരുന്നു.

രാഷ്ട്രീയ പാർട്ടികളുടേത് പോലെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോർട്ടുകൾ മുൻപ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ആന്ധ്രയിൽ നിന്നുള്ള മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാൻ ഇവിടെയെത്തിയിട്ടുണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നുണ്ട്. എൻകൌണ്ടർ വിദഗ്ധനായ കേന്ദ്രകമ്മിറ്റി അംഗം ധീരജാണ് വയനാടൻ കാടുകളിലേക്ക് എത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group