Join News @ Iritty Whats App Group

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപിയ്ക്ക് പൊലീസ് നോട്ടീസ്

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയ്ക്ക് പൊലീസ് നോട്ടീസ് നല്‍കി. നടക്കാവ് പൊലീസ് നല്‍കിയ നോട്ടീസില്‍ ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ഷിദ ജഗത്തിനെ അപമാനിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ്‌ഗോപിയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെപിഎം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ നടന്‍ കൈവയ്ക്കുകയായിരുന്നു.

ആദ്യ തവണ സുരേഷ് ഗോപി സ്പര്‍ശിക്കുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ഉന്നയിച്ചതോടെ സുരേഷ്‌ഗോപി രണ്ടാമതും തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ചതോടെ ഷിദ കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

അതേ സമയം സുരേഷ്‌ഗോപി സ്ത്രീത്വത്തെ അപമാനിച്ചതായും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group