ശബരിമല: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഇതിന് ശേഷം മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി, അവിടുത്തെ നട തുറക്കും. നടതുറന്ന് ദീപംതെളിയിച്ചശേഷം ശബരിമല മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപവുമായി തിരുമുറ്റത്തെ ആഴി ജ്വലിപ്പിക്കും.
ഇതിന് ശേഷം നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി ജി മുരളി നമ്പൂതിരി എന്നിവരെ ശബരിമലയിലേക്ക് ആനയിക്കും. ഇതിനുശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. ദീപാരാധനയ്ക്ക് ശേഷം പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
വൃശ്ചികം ഒന്നായ നാളെ പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ ആയിരിക്കും നട തുറക്കുക. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുകയും ചെയ്യും. വൈകിട്ട് നാലിന് വീണ്ടും നട തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
തീർഥാടകരെ വരവേൽക്കാൻ പമ്പയിലും സന്നിധാനത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനം. തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സുരക്ഷയ്ക്കായി പൊലീസ് സന്നിധാനത്തും പമ്പയലും സജ്ജമാണ്.
Post a Comment