കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്‌റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനുപിന്നാലെ രാത്രിയിലും തെരച്ചില്‍ നടത്തി തണ്ടര്‍ബോള്‍ട്ട് സംഘം (Kannur Maoist Encounter). ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്‌റ്റുകള്‍ക്ക് പരിക്കേറ്റതായാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ പേര്‍ മാവോയിസ്‌റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതായി തണ്ടര്‍ബോള്‍ട്ടും പൊലീസും സംശയിക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ കടത്തി വിടുന്നുള്ളൂ. മാവോയിസ്‌റ്റ് സാന്നിധ്യം ഈ മേഖലയില്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും സായുധ ആക്രമണം ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഇന്ന് രാവിലെ 9.30 ഓടെയാണ് വെടിവയ്‌പ്പുണ്ടായത്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. പരിശോധനയ്ക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്‌റ്റുകള്‍ വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് മാവോയിസ്‌റ്റുകള്‍ക്ക് പരിക്കേറ്റതെന്ന് കരുതപ്പെടുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മാവോയിസ്‌റ്റ് സംഘം ഇവിടെ ക്യാമ്ബ് ചെയ്യുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. അതിന്‍റെ സൂചനകള്‍ തെരച്ചിലില്‍ തണ്ടര്‍ബോള്‍ട്ടിന് ലഭിച്ചു. ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിര്‍ത്തത്. പശ്ചിമ ഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു. കേരളത്തോട് ചേര്‍ന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്ബോള്‍ ഇവര്‍ കര്‍ണാടക ഭാഗത്തേക്ക് കടക്കുന്നതാണ് പതിവ്.
Post a Comment