Join News @ Iritty Whats App Group

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; പൊലീസ് ആസ്ഥാനത്ത് ഫോണിൽ വിളിച്ചത് ഏഴാം ക്ലാസുകാരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി ഫോൺ വിളി എത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സ്കൂൾ വിദ്യാർഥിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു. ഇതിന് മുൻപും മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്കൂൾ വിദ്യാർഥിയാണെങ്കിലും, പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെയും നിരവധി തവണ വധഭീഷണി ഉണ്ടായിട്ടുണ്ട്. 2019 നവംബറിൽ മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ വധഭീഷണി ലഭിച്ചിരുന്നു. മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇത് കൂടാതെ 2018 ഒക്ടോബർ മുഖ്യമന്ത്രിക്കെതിരെ കാസർകോട് ചീമേനി സ്വദേശി സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ കൊന്നിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group