കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയകൂട്ടുകാരന്‍ വിടവാങ്ങിയതിന്‍റെ തീരാവേദനയിലാണ് കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
കണ്ണീരടക്കാനാകാതെ പൊട്ടികരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും രക്ഷിതാക്കളും കുഴങ്ങി. നിശബ്ദത തളംകെട്ടിനിന്ന ഐടി ബ്ലോക്കിലേക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും റീത്ത് സമര്‍പ്പിച്ചു. ഹൈബി ഈഡന്‍, ഉമ തോമസ്, ബെന്നി ബെഹ്നാന്‍, എഎ റഹീം, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാനെത്തി. 9.30 മുതല്‍ രാവിലെ 11വരെയായിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ആൻ റുഫ്തയുടെ മൃതദേഹം പൊതുദർശനത്തിനുശേഷം തിരികെ കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ എത്തിച്ച് സൂക്ഷിക്കും ഇറ്റലിയിലുള്ള അമ്മ വന്നതിനുശേഷം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കുറുമ്പത്തെരുവ് സെന്‍റ് ജോസഫ് പള്ളിയിലായിരിക്കും ആന്‍ റുഫ്തയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
പൊതുദര്‍ശത്തിനുശേഷം സാറാ തോമസിന്‍റെ മൃതദേഹം കോഴിക്കോട് താമരശ്ശേരിയിലേക്ക് കൊണ്ടുപോകും. അതുൽ തമ്പിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് കൂത്താട്ടുകുളം സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. അപകടത്തില്‍ മരിച്ച ആൽബിൻ ജോസഫിന്‍റെ മൃതദേഹം കൊച്ചിയില്‍നിന്ന് പാലക്കാടേക്ക് കൊണ്ടുപോയി. കുസാറ്റിലെ വിദ്യാർത്ഥിയല്ലാത്തതിനാൽ ആൽബിൻ ജോസഫിന്‍റെ മൃതദേഹം ബന്ധുക്കൾ കുസാറ്റിൽ പൊതുദർശനത്തിന് വെച്ചിരുന്നില്ല. ഇന്ന് വൈകിട്ട് പാലക്കാട് മൈലംപള്ളി സെന്‍റ് മേരീസ് ചര്‍ച്ചിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.
Post a Comment