Join News @ Iritty Whats App Group

ഇസ്രായേൽ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കുന്നത് സമ്മതിക്കില്ല; യുദ്ധം അവസാനിപ്പിക്കണമെന്ന് ഉച്ചകോടി

റിയാദ്: ഗാസയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടി. ഗാസ അക്രമണത്തെ ‘സ്വയം പ്രതിരോധം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ സമ്മതിച്ചുതരാനാവില്ലെന്നും ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയിൽ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. 

പലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കുന്നത് തള്ളിക്കളയുകയാണ്. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണ്. അധിനിവേശ ഭരണകൂടത്തിന്‍റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടേക്ക് മാനുഷിക സഹായം അനുവദിക്കാനും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കാനും പ്രസ്താവന ആവശ്യപ്പെട്ടു. 



ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിൽ ഗാസയെ വെസ്റ്റ് ബാങ്കിൽ നിന്ന് വേറിട്ട് നിർത്തുന്ന ഏതൊരു നിർദ്ദേശവും തങ്ങൾ നിരസിക്കുന്നതായി അറബ്, മുസ്ലിം നേതാക്കൾ പറഞ്ഞു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി, പലസ്തീൻ രാജ്യത്തിന്‍റെ പ്രദേശമെന്ന നിലയിൽ ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും ഐക്യത്തിന്‍റെ പ്രാധാന്യം അന്തിമ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. 

ഇസ്രയേലിന്‍റെ നിരോധിത ആയുധ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ രാസായുധ നിരോധന സംഘടനയോട് സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെടുന്നതായും പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേലിന്‍റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഉച്ചകോടി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group