Join News @ Iritty Whats App Group

അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ


പത്തനംതിട്ട : ശബരിമലദർശനത്തിനായി പോയവർ സഞ്ചരിച്ച തീർത്ഥാടകവാഹനം അപകടത്തിൽപ്പെട്ടു, രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാൾ വാഹനത്തിന്റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് മോഷ്ടിച്ചു, സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമൺ മുകൾ മുക്കുവിള വീട്ടിൽ ഗിരീഷ് കുമാറാ(44)ണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 5.30 ന് ശേഷമാണ് ശബരിമലക്കുള്ള യാത്രാമദ്ധ്യേ തിരുവനന്തപുരം മലയൻകീഴ് സ്വദേശികൾ സഞ്ചരിച്ച കാർ വിളക്കുവഞ്ചിക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടം നടന്നപ്പോൾ തന്നെ നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിൽ നിന്നും ഫോണിൽ വടശ്ശേരിക്കര പോലീസിനെ അറിയിച്ചു. തുടർന്ന് വടശ്ശേരിക്കര എസ് എച്ച് ഓ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിളക്കുവഞ്ചിയിലുള്ള പോലീസ് എയ്ഡ്പോസ്റ്റിന് 500 മീറ്റർ അകലെ റോഡിനു ഇടതുവശം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കൊന്നും പറ്റിയിരുന്നില്ല. കാർ ഓടിച്ച മലയൻകീഴ് മച്ചനാട് വിജയസദനം വീട്ടിൽ വിജയ(58)ന്റെ പണമടങ്ങിയ പേഴ്സ് ആണ് മോഷ്ടിക്കപ്പെട്ടത്. പഴ്സിൽ 4540 രൂപയാണ് ഉണ്ടായിരുന്നത്.

അപകടത്തിനുശേഷം കാറിൽ നിന്നും ഇരുവരും പുറത്തിറങ്ങി നിന്നപ്പോൾ, ശബരിമലയിൽ നിന്നും വന്ന കുടിവെള്ള ടാങ്കർ നിർത്തി ഡ്രൈവർ ഇറങ്ങി ഇവർക്കരികിലേക്കെത്തി. തുടർന്ന്, ഇയാൾ സഹായിക്കാനെന്ന വ്യാജേന കാർ ഡ്രൈവറുടെ ശരീരത്തിൽ തപ്പുകയും മറ്റും ചെയ്തു. പിന്നീടാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ടാങ്കർ പെട്ടെന്ന് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും, കാർ ഡ്രൈവർ ബഹളം വച്ചതിനാൽ അപകടം അറിഞ്ഞ് ഓടിക്കൂടിയവർ തടഞ്ഞുനിർത്തുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ പോലീസിനോട് കാർ ഡ്രൈവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടാങ്കർ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്സ് ഇയാളിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശ്ശേരിക്കര പോലീസ് കേസെടുത്തു.

ഇന്നലെ സന്ധ്യയോടെയാണ് വിജയൻ അയൽവാസി രവിയുമായി ശബരിമല ദർശനത്തിന് പുറപ്പെട്ടത്. ഉറക്കക്ഷീണം കാരണമാവാം വണ്ടി നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞതെന്ന് കരുതുന്നു. മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. റാന്നി ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരമാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. പോലീസ് സംഘത്തിൽ എസ് ഐക്കൊപ്പം സി പി ഓമാരായ ഉമേഷ്‌ ടി നായർ , ജിബിൻ ജോസഫ് എന്നിവരാണുണ്ടായിരുന്നത്. അപകടത്തിൽ കേടുപാട് സംഭവിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group