Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയില്‍ രാത്രിയിലും വെടിയൊച്ച;കാട് അരിച്ചുപെറുക്കി പൊലീസ്


ഇരിട്ടി: കണ്ണൂര്‍ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയില്‍ രാത്രിയിലും വെടിയൊച്ച.തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് വെടിവയ്പ് രാത്രിയിലും ഉണ്ടായി എന്നാണ് സൂചന.

ഇന്നലെ രാവിലെ ഒൻപതരയോടെ മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ 2 മാവോയിസ്റ്റുകള്‍ക്കു വെടിയേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മാവോയിസ്റ്റ് കബനിദളം കമാൻഡര്‍ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണിതെന്നു സൂചനയുണ്ട്. 3 തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. കണ്ണൂര്‍ വനം ഡിവിഷനില്‍ ഇരിട്ടി സെക്ഷനില്‍ അയ്യൻകുന്ന് മലയടിവാരത്തില്‍പെട്ട പ്രദേശത്തായിരുന്നു രാവിലെ വെടിവയ്പ്. വനത്തില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് രാത്രിയിലും വെടിയൊച്ചയുണ്ടായത്.

ഇന്നലെ രാവിലെയാണ് പ്രദേശവാസികള്‍ ഞെട്ടിത്തോട് മലയില്‍നിന്നു വെടിയൊച്ച കേട്ടത്. തുടര്‍ന്ന് അടിവാര പ്രദേശങ്ങളെല്ലാം പൊലീസ് വളഞ്ഞു. ഉരുപ്പുംകുറ്റി ഉള്‍പ്പെടെയുള്ള പ്രദേശത്തേക്കു പോകുന്ന എല്ലാ റോഡുകളിലും ഉപരോധമേര്‍പ്പെടുത്തി. ഉച്ചവരെ ഇടയ്ക്കിടെ വനമേഖലയില്‍നിന്നു വെടിയൊച്ച കേള്‍ക്കാമായിരുന്നു. കര്‍ണാടക അതിര്‍ത്തിയിലേക്ക് ഇവിടെനിന്ന് 2 കിലോമീറ്ററേയുള്ളു. ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലര്‍ച്ചെയുമായി മാവോയിസ്റ്റ് വിരുദ്ധ സേനകള്‍ ഉരുപ്പുംകുറ്റിക്ക് സമീപമുള്ള വനമേഖലകളില്‍ തിരച്ചിലിനെത്തിയിരുന്നു.

ഞെട്ടിത്തോട് വനത്തിനുള്ളില്‍ കുറിച്യ വിഭാഗത്തില്‍പെട്ട ഒരാള്‍ക്കു പതിച്ചുകിട്ടിയ നാലേക്കര്‍ ഭൂമിയിലാണ് ആദ്യം വെടിയൊച്ച കേട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ഇവിടെ താല്‍ക്കാലിക ഷെഡില്‍ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതിനിടെ എസ്‌പിജി സംഘം എത്തുകയും മാവോയിസ്റ്റുകള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായാണു വിവരം. രണ്ടു ഷെഡുകള്‍ ഇവിടെയുണ്ടായിരുന്നു.മാവോയിസ്റ്റുകളെ കണ്ടതോടെ സംഷര്‍ഷം തുടങ്ങി. മാവോയിസ്റ്റുകള്‍ ആക്രമിച്ചു. എസ്‌പിജി തിരിച്ചു വെടിവച്ചു. ആദ്യം തുടര്‍ച്ചയായ വെടിവയ്പ് ആയിരുന്നു. പിന്നീട് മൂന്നു മണിക്കൂറോളം വനത്തിനുള്ളിലേക്കു നീങ്ങി വെടിയൊച്ച കേള്‍ക്കാമായിരുന്നു. ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് പൊലീസ് എഫ്‌ഐആര്‍. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തു.

ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്‌പ്പുണ്ടായെന്നും ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്ബടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തില്‍ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടര്‍ബോള്‍ട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് പിൻവലിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group