കേളകം : ലോണെടുത്ത് പശുവിനെ വാങ്ങിയതിനു പിന്നാലെ വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേല്‍ക്കുകയും ലോണടവ് മുടങ്ങുകയും ചെയ്തതാണ് കണ്ണൂരില്‍ കര്‍ഷകന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ബന്ധുക്കള്‍.
പേരാവൂര്‍ കണിച്ചാറില്‍ കൊളക്കാട് ക്ഷീരസഹകരണ സംഘം മുൻ പ്രസിഡന്റ് കൊളക്കാട് രാജമുടിയിലെ മുണ്ടക്കല്‍ എം.ആര്‍. ആല്‍ബര്‍ട്ടാണ് (73) കടക്കെണിയും ജപ്തി ഭീഷണിയുംമൂലം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ച ഭാര്യ പള്ളിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് ആല്‍ബര്‍ട്ടിനെ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പശുവിനെ വളര്‍ത്താൻ കൊളക്കാട് സഹകരണ ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. പശുവിനെ വാങ്ങി മാസങ്ങള്‍ തികയുംമുമ്ബ് ആല്‍ബര്‍ട്ട് വീണ് നട്ടെല്ലിന് പരിക്കേറ്റു. തുടര്‍ന്ന് പശുപരിപാലനം സാധ്യമല്ലാതാകുകയും പശുക്കളെ കിട്ടിയവിലക്ക് വില്‍ക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.
ബാങ്കുകളില്‍നിന്നുള്ള നിരന്തരം ജപ്തി ഭീഷണിയെതുടര്‍ന്നാണ് കര്‍ഷകനായ ആല്‍ബര്‍ട്ട് ആത്മഹത്യചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കേരള ബാങ്ക് പേരാവൂര്‍ ശാഖയില്‍നിന്ന് ആല്‍ബര്‍ട്ടിന്റെ ഭാര്യക്ക് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കൂടാതെ, കൊളക്കാട് സര്‍വിസ് സഹകരണ ബാങ്കില്‍നിന്നും നോട്ടീസും ലഭിച്ചു.
കേരള ബാങ്ക് പേരാവൂര്‍ ശാഖയില്‍ ചൊവ്വാഴ്ചയാണ് വായ്പ തിരിച്ചടക്കേണ്ട അവസാന അവധിയായി ബാങ്ക് നല്‍കിയിരുന്നത്. തിങ്കളാഴ്ച ബാങ്കില്‍ പോകാമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. ഞായറാഴ്ച സ്വാശ്രയ സംഘത്തില്‍നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കൊളക്കാട് ക്ഷീരസഹകരണ സംഘം സ്ഥാപക പ്രസിഡന്റും 25 വര്‍ഷത്തോളം സംഘം പ്രസിഡന്റുമായിരുന്നു. രണ്ടുമാസം മുമ്ബാണ് സ്വയം വിരമിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കണിച്ചാര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. നാട്ടിലെ സര്‍വ മേഖലകളിലെയും നിറസാന്നിധ്യവുമായിരുന്നു എം.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്. ഭാര്യ: വത്സ. മക്കള്‍: ആശ, അമ്ബിളി, സിസ്റ്റര്‍ അനിത (ജര്‍മനി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാജമുടി ഉണ്ണീശോ പള്ളി സെമിത്തേരിയില്‍.
Post a Comment