Join News @ Iritty Whats App Group

'ക്ഷണിച്ചത് നികേഷ്,പ്രിയപ്പെട്ട എംവി ആറിന്റെ പരിപാടിയിൽ നിന്ന് പിന്മാറുന്നതിൽ ദുഃഖമറിയിച്ചു': കുഞ്ഞാലിക്കുട്ടി


കോഴിക്കോട്: കണ്ണൂരിലെ എംവിആർ അനുസ്മരണ പരിപാടിയിൽ നിന്ന് പിൻമാറുന്നുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എംവിആറിന്റെ മകൻ നികേഷ്കുമാറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇടതുപക്ഷ വേദിയിൽ താൻ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എംവിആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

'ഇന്ന് കണ്ണൂരിൽ വെച്ച് നടക്കുന്ന എം.വി.ആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മകൻ എം. വി നികേഷ് കുമാർ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം. വി. ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് ശ്രീ കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ഇന്ന് മീഡിയകൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം. വി. ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.'-കുഞ്ഞാലിക്കുട്ടി പറയുന്നു. 

സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിലും സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി എത്തില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സിപിഎം അനുകൂല ട്രസ്റ്റന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റം. ഇന്നാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group