കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്വേഷ പ്രചാരണത്തിന് കേന്ദ്ര മന്ത്രിയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് രാജീവ് ചന്ദ്ര ശേഖറിനെതിരെ കേസെടുത്തത്.
കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി സാമൂഹ്യ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. ഐപിസി 153 സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഇടപെടല്‍, 153എ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതില്‍ 153എ ജാമ്യം ലഭിക്കാത്ത വകുപ്പാണ്.
Post a Comment