Join News @ Iritty Whats App Group

ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപികരിക്കണം: നിര്‍ദ്ദേശവുമായി സര്‍ക്കാര്‍



കോഴിക്കോട്: ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം മുപ്പതിന് മുന്‍പായി സമിതി രൂപീകരിക്കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയിലൂടെ പദ്ധതിക്കാവശ്യമായ
പലിശരഹിത വായ്പ, സംഭാവനകള്‍, സിഎസ്ആര്‍ ഫണ്ടുകള്‍ എന്നിവ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍ക്കാരാണ് പദ്ധതിയുടെ അറുപത് ശതമാനം ചെലവ് നല്‍കിയിരുന്നത്. എന്നാല്‍ ഈ പണം ലഭിക്കുന്നതിലുള്ള കാലതാമസം ഉച്ചഭക്ഷണ പദ്ധതിയുടെ നടപ്പിനെ പ്രതികൂലാമയി ബാധിക്കുന്നതായി സര്‍ക്കുലറില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നര്‍ദ്ദേശം നല്‍കിയത്. പലിശ രഹിത സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചാല്‍, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടന്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്‌കൂളുകളില്‍ സംഭാവനകള്‍ സ്വീകരിച്ച് പദ്ധതി നടപ്പാക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പിന്നാക്ക, ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ സംഭാവനയും പലിശരഹിത വായ്പുമെല്ലാം വാങ്ങി എത്ര കാലം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയും ഉണ്ട്. പദ്ധതിക്കായി ഒരു വര്‍ഷത്തേക്ക് 66,000 ടണ്ണിലധികം അരിയാണ് കേരളത്തിന് ആവശ്യമായി വരിക. അരി മുഴുവന്‍ കേന്ദ്രം സൗജന്യമായാണ് അനുവദിക്കുന്നത്. വിദ്യാര്‍ഥികളുടെ രുചി കണക്കിലെടുത്തു കേരളത്തില്‍ വിളയുന്ന അരി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് നേരത്തെ കേരളം കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് രുചികരമല്ല, അതിനാല്‍ കേരളത്തിലെ അരി ഇവിടെ തന്നെ വിനിയോഗിക്കുന്നതിനു കേന്ദ്രം പണം അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടാം ഗഡുവായി 55.16 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അധ്യയന വര്‍ഷാവസാനം വരെ പദ്ധതി തുടരാന്‍ ഇത്രയും തുക തികയുമോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ തുക നല്‍കേണ്ടത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group