ഇരിട്ടി: ഇരിട്ടി കുന്നോത്ത് സ്വദേശി അനിൽ പുനർജ്ജനിയുടെ ആദ്യ കവിതാ സമാഹാരമായ വഴിയരികിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ ഇടം നേടി . ആധുനിക സാങ്കേതിക വിദ്യ എങ്ങിനെ ഒരു കവിതാ സമാഹാരത്തിൽ സന്നിവേശിപ്പിക്കാം എന്ന പരീക്ഷണമാണ് ഈ കൃതിയെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ ഇടം നേടുന്നതിന് സഹായകമാക്കിയത്.
വായിക്കാൻ സമയമില്ലാത്ത വായനക്കാരന് ശ്രവണസുഖം നൽകുകകൂടിയാണ് ഈ കവിതാ സമാഹാരത്തിലൂടെ ഇദ്ദേഹം ചെയ്തിരിക്കുന്നത്. സമാഹാരത്തിലെ 30 കവിതകളും ഓരോ പേജിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് കവിതകൾ കേൾക്കുവാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രീതിയിൽ കേരളത്തിൽ പുറത്തിറങ്ങുന്ന ആദ്യ കവിതാ സമാഹാരമാണ് ഇത്. കൂടാതെ മറ്റൊരു പ്രത്യേകതകൂടി ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ വായനക്കാരന് മുന്നിൽ തുറന്നു വെക്കുന്നു. ഓരോ കവിതക്കും അതാതു കവിതകളുടെ അർഥം സന്നിവേശിപ്പിച്ചു കൊണ്ട് തന്റെ വിരൽത്തുമ്പിനാൽ തന്നെ വിരചിതമായ ഓരോ ചിത്രവും കൂടി ഉൾപ്പെടുത്തിയിരിക്കുന്നു ചിത്രകാരൻ കൂടിയായ കവി. ഈ പ്രത്യേകതളാലെല്ലാം പരിശോധിച്ച ശേഷമാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സ് അധികൃതർ കൃതിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ബ്രഹ്മമംഗലത്ത് സുരേന്ദ്രന്റെയും ശോഭനയുടെയും മകനാണ്. വ്യാഴാഴ്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ അനിലിന് ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കാർഡ്‌സ് അധികുതർ പുരസ്‌കാരം കൈമാറി. നവംബർ ഒന്നിന് ജന്മഭൂമിയിൽ അനിൽ പുനർജ്ജനിയെക്കുറിച്ചും വഴിയരികിൽ എന്ന കവിതാ സമാഹാരത്തെക്കുറിച്ചുമുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Post a Comment