Join News @ Iritty Whats App Group

തുച്ഛമായ തുക നൽകി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മർദ്ദം; അൽപ്പത്തരമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിർബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് പറഞ്ഞ മന്ത്രി, ലൈഫ് പദ്ധതി മുതൽ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം കേന്ദ്രത്തിൽ നിന്നുണ്ടാവുന്നുവെന്നും കുറ്റപ്പെടുത്തി.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുച്ഛമായ തുക മാത്രം നൽകുകയും അതിൽ കേന്ദ്രത്തിന്റെ പേര് മാത്രം വയ്ക്കണം എന്ന അൽപ്പത്തരം കാണിക്കുകയും ചെയ്യുന്നു. ലൈഫിൽ തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സർക്കാരിന്റെ തുച്ഛമായ പണം കിട്ടിയത് 1,12,031 വീടുകൾക്ക് മാത്രമാണ്. സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണിത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതിൽ 2024 കോടി കേന്ദ്രസർക്കാരിന്റെ സംഭാവനയാണ്. എന്നിട്ടും കേന്ദ്രസർക്കാർ തങ്ങൾ പറയുന്ന പേര് വയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നു.

കേന്ദ്ര സർക്കാർ നടത്തുന്നത് ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയമാണെന്ന് മന്ത്രി വിമർശിച്ചു. ഒരു ശൗചാലയത്തിനുള്ള പണം പോലും തികച്ച് നൽകാതെ വീട് മുഴുവൻ കേന്ദ്ര സർക്കാരിന്റെതെന്ന് വരുത്താൻ ശ്രമിക്കുകയാണ്. പ്രാദേശിക സർക്കാരുകൾക്ക് എതിരെ നടക്കുന്നതും സമാന നീക്കമാണ്. കേന്ദ്ര ധനകാര്യ കമ്മീഷൻ കേരളത്തിന് നൽകാനുള്ളത് 833 കോടി രൂപയാണ്. ക്ഷേമ പെൻഷൻ ആകെ 50,90,390 പേർക്കാണ് സംസ്ഥാനം നൽകുന്നത്. കേന്ദ്ര വിഹിതം വിധവ പെൻഷൻ 300 രൂപയും വാർദ്ധക്യ പെൻഷൻ 200 രൂപയുമാണ്. 8,46,456 പേർക്കാണ് കേന്ദ്ര വിഹിതം കിട്ടുന്നത്. എന്നാൽ ഈ കേന്ദ്ര വിഹിതം രണ്ട് വർഷമായി കിട്ടിയിരുന്നില്ല. ആ പണം കൂടി ചേർത്താണ് സംസ്ഥാന സർക്കാർ പെൻഷൻ നൽകി വന്നത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഈ തുക കുടിശിക തീർത്ത് നൽകിയതെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group