മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ പരിസരത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കാത്തിരിപ്പ് തുടരുന്നു.
അഞ്ചു വര്‍ഷം മുമ്ബാണ് കാനാട്, കോളിപ്പാലം ഭാഗത്തുള്ള വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചത്. വിമാനത്താവള പ്രദേശത്ത് നിന്ന് മഴയില്‍ വന്‍തോതില്‍ കല്ലും മണ്ണും കുത്തിയൊഴുകിയിരുന്നു. ഇവരുടെ വീടും സ്ഥലവും ഉടന്‍ വിമാനത്താവളത്തിന് ഏറ്റെടുക്കുമെന്നും അതുവരെ വീട്ടുവാടക ഉള്‍പ്പടെ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഇവയൊന്നും പാലിക്കപ്പെട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസവും നഷ്ടപരിഹാരവും തേടി അലയുകയാണ് ഇവര്‍.
ഭൂവുടമകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. പ്രദേശത്തെ വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സമരപരിപാടികള്‍ നടത്തി വരുന്നത്.
റണ്‍വേ വികസനത്തിനായി 245 ഏക്കര്‍ ഭൂമിയാണ് കാനാട്, കോളിപ്പാലം ഭാഗത്തായി ഏറ്റെടുക്കാനുള്ളത്. ഇത് ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം മാത്രമാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ തുകയും ലഭ്യമാകുകയെന്നാണ് അറിയിച്ചിട്ടുള്ളത്. 942.93 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടിവരുക.
2017 മേയിലാണ് വേനല്‍മഴയില്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്ന് ചളിയും വെള്ളവും കുത്തിയൊഴുകി വീടുകള്‍ക്ക് കേടുപാടുണ്ടാകുകയും കിണറുകള്‍ മൂടിപ്പോകുകയും ചെയ്തത്. കാനാട്, കോളിപ്പാലം, കടാങ്കോട് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിന് സമാനമായ നാശനഷ്ടമാണ് സംഭവിച്ചത്.
അന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തവിവാരണ സമിതി യോഗത്തില്‍ ഇവരെ വാടക വീടുകളിലേക്ക് മാറ്റാനും ആറു മാസത്തിനകം വീടും സ്ഥലവും ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. വിമാനത്താവള കമ്ബനിയായ കിയാല്‍ വാടക നല്‍കണമെന്നും ധാരണയായിരുന്നു. എന്നാല്‍ എട്ടു മാസത്തോളം മാത്രമാണ് വാടക ലഭിച്ചത്. പിന്നീട് അധികൃതരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
Post a Comment