Join News @ Iritty Whats App Group

അബിഗേലിനെ ആശ്രാമം മൈതനത്ത് ഉപേക്ഷിച്ച് പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥിനി


കൊല്ലം: ഓയൂരില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടി. ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ കൊണ്ടുവന്നത്. കൂടെ മറ്റാരേയും കണ്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയായ ധനഞ്ജയ എന്ന പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞ് വരുമ്പോഴാണ് കുട്ടിയെ ഉപേക്ഷിക്കുന്നത് കണ്ടത്. ഇന്‍കം ടാക്‌സ് ഓഫീസിന് അടുത്തുള്ള നടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് മൈതാനത്ത് വന്നിറങ്ങി. നടന്ന് ക്ഷീണിച്ച കാരണം മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അവിടെ ഇരുത്തിയിട്ട് ഒരു സ്ത്രീ പോയി. അവര് പിന്നെ തിരിച്ചുവന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാണെന്ന് തോന്നി. ഇതോടെയാണ് തനിക്കു സംശയം തോന്നിയത്. മൊബൈലില്‍ വൈറലായ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നോക്കി. അബിഗേലുമായി സാദൃശ്യം തോന്നിയതോടെ അടുത്തിരുന്ന ആളെ വിവരം അറിയിച്ചു. അദ്ദേഹം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ കുഞ്ഞിന് കഴിക്കാന്‍ കൊടുക്കുവെന്നും ധനഞ്ജയ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സമയം മൈതാനത്തുണ്ടായിരുന്ന മറ്റുള്ളവര്‍ അബിഗേലിന്റെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. പോലീസിനെ വിവരം അറിയിച്ചു. കുട്ടി മാസ്‌ക് ധരിച്ചിരുന്നു. മുഖം ഏറെ ക്ഷീണിച്ചിരുന്നു. ചോദിച്ചപ്പോള്‍ പേരും സ്ഥലവും പറഞ്ഞു. ഫോണ്‍ നമ്പറും കൃത്യമായി പറഞ്ഞു. ഫോട്ടോ വച്ച് ഒത്തുനോക്കിയ ശേഷം പോലീസിനെ വിവരം അറിയിച്ചുവെന്നും മൈതാനത്തുണ്ടായിരുന്നവര്‍ പറയുന്നു.

അബിഗേലിനെ എ.ആര്‍ ക്യാംപിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ എ.ആര്‍ ക്യാംപിലെത്തി പരിശോധന നടത്തുകയാണ്. അബിഗേലിന്റെ പിതാവ് എ.ആര്‍ ക്യാംപിലെത്തി. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് ദൃക്‌സാക്ഷിയായ ധനഞ്ജയയെ പോലീസ് മൊഴിയെടുക്കുന്നതിനായി സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് മുന്നിലുള്ള വഴിയാണ് ഈ ദൃക്‌സാക്ഷി.

Post a Comment

Previous Post Next Post
Join Our Whats App Group