ഓയൂര്‍: കൊല്ലം ജില്ലയിലെ പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ ആറുവയസുകാരിയെ കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന ഒന്‍പത് വയസുകാരനായ സഹോദരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ അമ്മയെ പിന്നീട് ഒരു സ്ത്രീ ഫോണില്‍ വിളിച്ച് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
മരുതമണ്‍പള്ളി കോഴിക്കോട് റെജിഭവനില്‍ റെജി ജോണ്‍-സിജി ദമ്പതികളുടെ മകള്‍ അബിഗേല്‍ സാറാ മറിയ എന്ന മിയയേയാണ് ഇന്നലെ െവെകിട്ട് 4.45-ന് വെള്ളനിറമുള്ള മാരുതി ഡിസയര്‍ കാറിലെത്തിയ നാല്‍വര്‍സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലൊരാള്‍ സ്ത്രീയാണെന്നു സഹോദരന്‍ മൊഴിനല്‍കി. അമ്പലംകുന്ന് സിദ്ധാര്‍ഥ എച്ച്.എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു മിയ. അബിഗേലിന്റെ അമ്മ സിജിയെ വിളിച്ച സംഘത്തെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പാരിപ്പള്ളിയിലെ ഒരു കടയില്‍നിന്നാണു സംഘം ഫോണ്‍ ചെയ്തതെന്നു കണ്ടെത്തിയിട്ടുണ്ട്.
സഹോദരന്‍ ജോനാഥനൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് ട്യൂഷനു പോകാന്‍ റോഡിലേക്കിറങ്ങിയതായിരുന്നു മിയ. അവിടെ കാത്തുകിടന്ന കാറില്‍നിന്ന് ഒരാള്‍ ഒരു കടലാസ് നല്‍കിയശേഷം അമ്മയ്ക്കു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ജോനാഥന്‍ ഇത് നിരസിച്ചെങ്കിലും മിയ കടലാസ് വാങ്ങി. ഇതോടെ കുട്ടിയെ കാറിലേക്കു വലിച്ചുകയറ്റി. െകെയിലുള്ള കമ്പുകൊണ്ട് അടിച്ച് താന്‍ തടയാന്‍ ശ്രമിച്ചെങ്കിലും തള്ളിമാറ്റിയ സംഘം മിയയുമായി പോയെന്നു ജോനാഥന്‍ പറഞ്ഞു. എതിര്‍വശത്തുള്ള വീട്ടിലെ യുവാവും റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയും സംഭവത്തിനു ദൃക്‌സാക്ഷികളാണ്. ജോനാഥന്‍ സംഘത്തെ തടയാന്‍ ശ്രമിക്കുന്നതു കണ്ട സ്ത്രീ കാറിനു പിന്നാലെയോടി രക്ഷിക്കാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു.
സംഭവമറിഞ്ഞ് റൂറല്‍ എസ്.പി. സാബു മാത്യു, ഡിെവെ.എസ്.പി: ജി.ഡി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്‌റ്റേഷനുകളില്‍നിന്നു പോലീസ് സ്ഥലത്തെത്തി. പരിസരപ്രദേശങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു. വാഹനപരിശോധന ശക്തമാക്കി. സംസ്ഥാനത്തെമ്പാടും, അതിര്‍ത്തിപ്രേദശങ്ങളില്‍ പ്രത്യേകിച്ച്, പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. തെരച്ചിലിനു നാട്ടുകാരും സജീവമായി രംഗത്തുണ്ട്. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9946923282, 9495578999.
Post a Comment