കൊച്ചി: കൊച്ചി ശാശ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 46ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അതിദാരുണമായ ദുരന്തത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇന്ന് വൈകിട്ട് ഏഴോടെയാണ് അതിദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളഅള ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചേര്‍ന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയിൽ തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. നാലുപേരെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് എറണാകുളം ജില്ല കലക്ടര്‍, പൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചുവെന്നും സ്ഥലത്തേക്ക് പോവുകയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്. രണ്ട് പേർ പെൺകുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
Post a Comment