വിദേശ യാത്രകൾ പ്രത്യേകിച്ചും ഗൾഫ് യാത്രകളിൽ എല്ലാം തന്നെ കഴിയാവുന്ന അത്രയും ലഗേജുകൾ കൊണ്ടുപോകുന്നവരാണ് പലരും. പ്രത്യേകിച്ചു സന്ദർശനത്തിനല്ലാതെ പോകുന്നവരെല്ലാം തന്നെ അക്കൂട്ടത്തിൽ പെടുന്നവരാണ്. എന്നാൽ ഇനി യാത്രക്കാർ ശ്രദ്ധിക്കണം. കാരണം ലഗേജുകളുടെ കാര്യത്തിൽ ചില നിയന്ത്രണങ്ങളൊക്കെ വന്നിട്ടുണ്ട്.
സുഗമമായ യാത്രയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കിയ നടപടിയാണ് വീണ്ടും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരാൻ പാടില്ലെന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ്.
ഇക്കാര്യത്തിൽ നേരത്തെ തന്നെ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നെങ്കിലും അത് പാലിക്കാതെ വന്നതിനാലാണ് വീണ്ടും പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. മേൽപറഞ്ഞ തരത്തിലുള്ള ലഗേജുകൾ ഇനി യാത്രയിൽ കരുതിയാൽ അത് എയർ പോർട്ടിൽ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നേക്കാം.
Post a Comment