ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഡൽഹി ഐയിംസിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. എങ്ങനെയാണ് സൂചി ശരീരത്തിനുള്ളിലേക്ക് കടന്നത് എന്നതിനെ കുറിച്ച് വീട്ടുകാർക്കോ കുട്ടിക്കോ അറിയില്ലെന്നാണ് സൂചന.
കടുത്ത പനിയും രക്തം ചുമച്ച് ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എയിംസിലേക്ക് മാറ്റുന്നത്. എക്സ് റേയിൽ ഇടത് ശ്വാസകോശത്തിൽ സൂചി കണ്ടെത്തി. ശ്വാസകോശത്തിൽ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു സൂചിയുണ്ടായിരുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കാന്തം ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
ഇതിനായി ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് 4 mm വീതിയും 1.5 mm കനവുമുള്ള കാന്തം വാങ്ങുകയായിരുന്നു. ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കിലോ, ശ്വാസകോശത്തിൽ സൂചി ദൃശ്യമല്ലായിരുന്നുവെങ്കിലോ കുട്ടിക്ക് തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടി വരുമായിരുന്നുവെന്ന് പീഡിയാട്രിക് വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി ഡിസ്ചാർജ് ചെയ്ത് മടങ്ങിയതായും ഡോക്ടർ അറിയിച്ചു. ശ്വാസകോശത്തിനുള്ളിൽ വളരെ ആഴത്തിലായിരുന്നു സൂചിയുണ്ടായിരുന്നത്. അതിനാൽ പരമ്പരാഗത ശസ്ത്രക്രിയാ രീതികൾ ഫലപ്രദമല്ലെന്ന് കണ്ടാണ് കാന്തം ഉപയോഗിച്ചതെന്ന് ഡോക്ടർ വിശദീകരിച്ചു. കാന്തം ശ്വാസനാളത്തിലേക്ക് പോകാതെ, സൂചിയുടെ സ്ഥാനത്തേക്ക് എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. നൂലം റബ്ബർ ബാൻഡും ഉപയോഗിച്ച് കാന്തം ഭദ്രമായി ഘടിപ്പിച്ച് പ്രത്യേക ഉപകരണമാണ് ഡോക്ടർമാർ ഇതിനായി കണ്ടെത്തിയത്.
ഇടതു ശ്വാസകോശത്തിനുള്ളിൽ സൂചിയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ എൻഡോസ്കോപി നടത്തി. സൂചിയുടെ അഗ്രഭാഗം മാത്രമേ ഇതുവഴി കാണാൻ സാധിക്കുകയുള്ളൂ. ഇതിനു ശേഷം കാന്തം ഘടിപ്പിച്ച ഉപകരം സൂക്ഷ്മതയോടെ സ്ഥാനത്തേക്ക് കയറ്റി. കാന്തത്തോട് സൂചി പെട്ടെന്ന് അടുക്കുകയും വളരെ വേഗത്തിൽ പുറത്തെടുക്കാൻ സാധിച്ചുവെന്നും ഡോക്ടർ പറഞ്ഞു.
Post a Comment