Join News @ Iritty Whats App Group

സില്‍ക്യാര തുരങ്കമുഖത്ത് മദ്രാസ് സാപ്പേഴ്സ്; കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ആറ് പദ്ധതികള്‍; ആഴ്ന്നിറങ്ങിവരെ ആള്‍ക്കാര്‍ തുരക്കും; രക്ഷപ്രവര്‍ത്തനം ‘യുദ്ധം’ മാതൃകയില്‍


ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഏറ്റെടുത്ത് മദ്രാസ് സാപ്പേഴ്സ്. കരസേനയുടെ എന്‍ജിനിയറിങ് കോറില്‍നിന്നുള്ള മദ്രാസ് സാപ്പേഴ്സിന്റെ യൂണിറ്റിന്റെ ല്‍േനോട്ടത്തിലാണ് ഇന്നലെ രാത്രി മുതല്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

രണ്ടാഴ്ച പിന്നിട്ടിട്ടും അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കേന്ദ്രം മദ്രാസ് സാപ്പേഴ്സിനെ രക്ഷാപ്രവര്‍ത്തനതത്തിന് നിയോഗിച്ചത്. കര്‍ണാടകയിലെ ബെഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്രാസ് സാപ്പേഴ്സിന്റെ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനു തടസമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഡ്രില്ലിങ് മെഷീന്റെ ബ്ലേഡുകള്‍ പ്ലാസ്മ കട്ടര്‍ ഉപയോഗിച്ചു മുറിച്ചുനീക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ മുകളില്‍നിന്നു കുത്തനെയുള്ള തുരക്കല്‍ തുടങ്ങിയെങ്കിലും തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് ആഴ്ചകളും ചിലപ്പോള്‍ ഒരുമാസത്തോളവും വേണ്ടിവന്നേക്കാമെന്ന് വിദഗ്ധര്‍ പറയുന്നത്.

ഡ്രില്ലിങ് മെഷീന്‍ പൂര്‍ണമായി പുറത്തെടുത്ത ശേഷം ബാക്കിയുള്ള 10-12 മീറ്റര്‍ തൊഴിലാളികള്‍ ഉള്ളിലിറങ്ങി യന്ത്രസഹായമില്ലാതെ നേരിട്ടു തുരക്കാനാണു തീരുമാനം. ഇതടക്കം ആറ് പദ്ധതികളാണ് സാപ്പേഴ്‌സ് തയാറാക്കിയിരിക്കുന്നത്. ബ്ലേഡ് കുടുങ്ങിയതോടെ യന്ത്രസഹായത്തോടെയുള്ള തുരക്കലിനു തടസം നേരിട്ടിരുന്നു. ഇതോടെയാണ് സമാന്തര രക്ഷാമാര്‍ഗം എന്ന നിലയില്‍ മലയുടെ മുകളില്‍നിന്നു താഴേക്കും തുരന്നുതുടങ്ങിയത്. മുകളില്‍നിന്ന് ഒന്നര മീറ്റര്‍ വ്യാസത്തില്‍ 90 മീറ്ററോളം തുരക്കേണ്ടി വരും.

തുരക്കലിനിടെ മലയിടിച്ചിലിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കയുണ്ട്. മണിക്കൂറുകളെടുത്താണ് ഡ്രില്ലിങ് മെഷീനുകള്‍ മലയുടെ മുകളിലെത്തിച്ചത്. നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയിട്ട് ഇന്നലെ 14 ദിവസം പിന്നിട്ടു.

ക്ഷമയോടെയുള്ള കാത്തിരിപ്പിനു സന്നദ്ധരാകണമെന്നും ദൗത്യം പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുത്തേക്കാമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്.ജനറല്‍ (റിട്ട) സയദ് അത്താ ഹസ്നെയ്ന്‍ പറഞ്ഞു. ഈദൗത്യം നീണ്ടുപോയേക്കാം.

പര്‍വതമുകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നും പ്രവചിക്കാനാകില്ല. ഒരുനിമിഷം പോലും പാഴാക്കാതെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമാണ് അനിവാര്യം- അദ്ദേഹം പറഞ്ഞു. ക്രിസ്മസോടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു ദുരന്തമുഖത്തു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടണലിങ് വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സ് വ്യക്തമാക്കിയിരുന്നു.

തുരങ്കത്തിനു മുന്നില്‍നിന്നു തുരന്ന് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണു വീണ്ടും തടസമുണ്ടായത്. 10-12 മീറ്റര്‍ മാത്രം തുരക്കാനുള്ളപ്പോള്‍ വെള്ളിയാഴ്ച രാത്രിയാണ് ഡ്രില്ലിങ് മെഷീന്റെ ബ്ലേഡുകള്‍ അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയത്. ഹൈദരാബാദില്‍നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് ഇവ വേഗത്തില്‍ മുറിച്ചുനീക്കാന്‍ കഴിയുന്നുണ്ടെന്നു രാജ്യാന്തര വിദഗ്ധനായ അര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു.

ഇവ മുറിച്ച് ഡ്രില്ലിങ് മെഷീന്‍ നീക്കിയശേഷമാകും നേരിട്ടുള്ള തുരക്കല്‍ തുടങ്ങുക. ഒരാള്‍ ഉള്ളിലേക്കിറങ്ങി നിശ്ചിത സമയം ഡ്രില്ലിങ് ജോലികള്‍ നടത്തിയ ശേഷം മടങ്ങിപ്പോരുകയും മറ്റൊരാള്‍ ഉള്ളിലേക്കിറങ്ങുകയുമാകും രീതി. മദ്രാസ് സാപ്പേഴ്സിന്റെ നേതൃത്വത്തിലായിരിക്കും ഈ ജോലികള്‍ നടക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാരുടെ മൂന്ന് എഞ്ചിനീയറിംഗ് റെജിമെന്റുകളിലൊന്നാണ് മദ്രാസ് സാപ്പേഴ്സ്.

ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ ഏറ്റവും പഴയ ഗ്രൂപ്പാണ് മദ്രാസ് സാപ്പേഴ്‌സ്. ഔദ്യോഗികമായി മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന മദ്രാസ് സാപ്പേഴ്സ് നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ മൂന്ന് എഞ്ചിനീയറിംഗ് റെജിമെന്റുകളില്‍ ഒന്നാണ്, മറ്റ് രണ്ട് ബംഗാള്‍ സാപ്പേഴ്സ്, ബോംബെ സാപ്പേഴ്സ് എന്നിവയാണ്.

ഏത് ഇടുങ്ങിയ സ്ഥലങ്ങളില്‍വരെ ഇറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതത്വം നല്‍കാനുള്ള പരിശീലനം ഈ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യുദ്ധത്തിനായുള്ള കിടങ്ങുകളുടെ നിര്‍മ്മാണവും, സൈനിക നീക്കത്തിനാവശ്യമായ പാലങ്ങള്‍ നിര്‍മ്മിക്കുക. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതും ഈ സംഘമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group