Join News @ Iritty Whats App Group

മാവോയിസ്റ്റ് ആക്രമണങ്ങള്‍ പശ്ചിമഘട്ടത്തില്‍ സംഘടന ശക്തിപ്പെടുത്തുന്നതിന്; നേതൃത്വം നല്‍കുന്നത് തെലങ്കാന സ്വദേശി


കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ പിന്നില്‍ തെലങ്കാന സ്വദേശിയെന്ന് സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്‌കെയാണ് പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍. ഗണേഷ് ഉയ്‌കെ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ്.

2013ല്‍ ഛത്തീസ്ഗഢിലെ സുഖ്മയില്‍ കോണ്‍ഗ്രസ് നേതാവ് വിസി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഗണേഷ്. ഇയാള്‍ ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഞ്ജയ് ദീപക് റാവു അറസ്റ്റിലായ ശേഷമാണ് ഹനുമന്തു പശ്ചിമഘട്ടത്തിലെത്തിയത്.

തെലങ്കാനയിലായിരുന്നു സഞ്ജയ് ദീപക് റാവു അറസ്റ്റിലായത്. ഇതോടെ പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ചുമതല ഗണേഷ് ഉയ്‌കെയിന് ലഭിച്ചു. ഇയാള്‍ പലതവണ കേരളത്തിലെത്തിയതായും വിവരമുണ്ട്. രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച് കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഗണേഷ് ഉയ്‌കെയാണ്.

കമ്പമലയിലും ആറളത്തും നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ ആസൂത്രണവും ഗണേഷിന്റേതാണെന്നാണ് വിവരം. സജീവമല്ലാത്ത നാടുകാണി, ഭവാനി ദളങ്ങള്‍ ഗണേഷ് ഉയ്‌കെയുടെ നേതൃത്വത്തില്‍ ശക്തിപ്പെടുത്താനാണ് പദ്ധതി. ബാണാസുര, കബനി ദളങ്ങളില്‍ പതിനെട്ട് പേരാണുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group