Join News @ Iritty Whats App Group

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി: സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. വളരെ അപൂർവമായാണ് കസ്റ്റംസില്‍നിന്ന് ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്.

നേരത്തെയും രോഹിത് കുമാര്‍ ശര്‍മ ഉൾപ്പടെയുള്ളവർക്കെതിരെ സ്വർണക്കടത്തിന് നടപടി എടുത്തിരുന്നു. ഇവരെ പിരിച്ചുവിട്ടെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇവർക്കെതിരെ രണ്ടാമത് നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ പിരിച്ചുവിടൽ നടപടി എടുത്തത്. ഇപ്പോൾ നടപടി നേരിട്ട മൂന്നുപേരെയും കള്ളക്കടത്തുകാരുമായി ബന്ധപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റിനെ മൂന്നുവര്‍ഷംമുമ്പ് പുറത്താക്കിയിരുന്നു.

പ്രധാനമായും കരിപ്പൂർ, കണ്ണൂര്‍ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് രോഹിത് കുമാർ ശർമ്മയും, കൃഷൻ കുമാറും സാകേന്ദ്ര പാസ്വാനും ജോലിചെയ്തിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. ഇതിനു സഹായിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ അന്ന് ഇവരെ പിരിച്ചുവിടുകയും ഒരുകോടി രൂപവരെ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികൾ ചീഫ് കമ്മിഷണറെ സമീപിച്ചു. പിഴത്തുകയുടെ 7.5 ശതമാനം കെട്ടിവെച്ചായിരുന്നു അപ്പീല്‍. വാദം കേട്ടശേഷം സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു. എന്നാൽ പുനരന്വേഷണത്തിൽ മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group