Join News @ Iritty Whats App Group

തൃത്താലയില്‍ നടന്നത് ഇരട്ടകൊലപാതകം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു, കൊലപാതകത്തില്‍ ദുരൂഹതയേറുന്നു


പാലക്കാട്: തൃത്താലയില്‍ കരിമ്പനക്കടവ് പുഴയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അന്‍സാര്‍ കൊലപാതക്കേസില്‍ പോലീസ് തിരയുന്ന കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കൊലപാതകത്തില്‍ ദുരൂഹതയേറുകയാണ്. സംഭവത്തില്‍ യുവാക്കളുടെ സുഹൃത്തായ കൊടലൂര്‍ സ്വദേശി മുസ്തഫയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

പാലക്കാട് പട്ടാമ്പി കരിമ്പനക്കടവില്‍ വെച്ചാണ് അന്‍സാര്‍ കൊലചെയ്യപ്പെട്ടത്. മരിച്ച അന്‍സാര്‍ നല്‍കിയ മരണമൊഴിയില്‍ പറഞ്ഞ സുഹൃത്ത് മുസ്തഫെയെയാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് ഇന്നലെ രാത്രി പത്തരയോടെ ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് കബീറിനായി തിരച്ചില്‍ നടത്തിയ പോലീസ് അന്‍സാറിന്റെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ കബീറിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് മാരകമായ വെട്ടേറ്റിട്ടുള്ളത്.

അതേസമയം, അന്‍സാറിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതി മുസ്തഫയുടേയും അന്‍സാറിന്റെ മരണമൊഴിയും തമ്മില്‍ വ്യത്യാസമുണ്ട്. കബീറാണ് അന്‍സാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മുസ്തഫയാണ് തന്നെ വെട്ടിയതെന്നാണ് അന്‍സാറിന്റെ മരണ മൊഴി. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group