Join News @ Iritty Whats App Group

അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ രേഖാചിത്രവുമായി സാമ്യം; കുണ്ടറ സ്വദേശിയുടെ വീട് അടിച്ചു തകർത്തു

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള കുണ്ടറ സ്വദേശി ഷാജഹാന്റെ വീട് അജ്ഞാതർ അടിച്ചു തകർത്തു. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ഷാജഹാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. അതേ സമയം തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകി. 

ആറു വയസ്സുകാരി അബിഗേലിനെ തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് കുണ്ടറ സ്വദേശിയായ ജിം ഷാജി എന്ന ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തിൽ പ്രചാരണമുണ്ടായത്. പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായള്ള സാദൃശ്യത്തിന്റെ പേരിലായിരുന്നു പ്രചാരണം. ഷാജഹാൻ അറസ്റ്റിലായെന്നും ചിലർ പ്രചരിപ്പിച്ചു. പക്ഷെ പൊലീസ് ഇക്കാര്യം ഒരു ഘട്ടത്തിലും സ്ഥിരീകരിച്ചിരുന്നില്ല. വ്യാജ വാർത്തകൾ ഏറ്റുപിടിച്ചെത്തിയ ചിലർ ഷാജഹാന്റെ കല്ലമ്പലത്തെ വീട്ടിലെ ജനലുകളും വാതിലുകളും അടിച്ചുതകർത്തു. ഇതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 

കേസിൽ പങ്കില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയം ബന്ധുവിനൊപ്പം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നുവെന്നും ഷാജഹാൻ. ഷാജഹാന്റെ മൊഴി പൊലീസ് രേഖപ്പടുത്തിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുമുണ്ട്. എന്നാൽ നിലവിൽ കേസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ല. മുമ്പ് ചില കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group