Join News @ Iritty Whats App Group

കുട്ടികള്‍ ലഹരിമരുന്ന് വാങ്ങുന്നത് തടയാൻ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ക്യാമറ സ്ഥാപിക്കുന്നു


തിരുവനന്തപുരം: കുട്ടികള്‍ ലഹരിമരുന്ന് വാങ്ങുന്നത് തടയാൻ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ബാലാവകാശ കമ്മീഷൻ നിർദ്ദേശത്തിന്റെ ഭാഗമായി നടപടി തുടങ്ങി.
ടൗണുകള്‍ കേന്ദ്രീകരിച്ച്‌ ക്യാമറ സ്ഥാപിക്കലിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സുജിത്ത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ഗ്രാമീണ മേഖലകളിലും നടപ്പാക്കും. സുരക്ഷക്കായി പല കടകളിലും നിലവില്‍ ക്യാമറകളുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ഫാര്‍മസികള്‍, റീട്ടെയില്‍-ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളടക്കം 25,000ത്തിലേറെ സ്ഥാപനങ്ങളുണ്ട്. ക്യാമറ സ്ഥാപിക്കല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കണമെന്നാണ് കമ്മീഷൻ നിര്‍ദ്ദേശം. ഇവ സ്ഥാപിച്ചതടക്കമുള്ള പരിശോധന എക്സൈസും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പും സംയുക്തമായി നടത്തും. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ക്യാമറ സ്ഥാപിക്കാത്ത മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണമറിയാൻ സാധിക്കും. തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുവഴി കുട്ടികള്‍ ലഹരിമരുന്ന് വാങ്ങുന്ന പ്രവണത കുറവാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ലഹരി കിട്ടുന്ന മരുന്നുകള്‍ കുട്ടികള്‍ വാങ്ങുന്നത് ക്യാമറയില്‍ കണ്ടെത്താൻ കഴിയും. മെഡിക്കല്‍ ഷോപ്പില്‍ ക്യാമറ വെച്ചാല്‍ മരുന്ന് വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും. കൂടാതെ ഫാര്‍മസിസ്റ്റ് ഇല്ലാതെ മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്നു വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനും കഴിയും.
ക്യാമറകളുണ്ടായാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചുണ്ടാകുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയും. സി.സി.ടി.വി ക്യാമറകള്‍ വെക്കുന്നത് വേഗത്തിലാക്കണമെന്നും നിരന്തര പരിശോധന യഥാസമയങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ ഫലപ്രദമാവൂവെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group