സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മൂന്നു പേരടങ്ങുന്ന ആയുധധാരികളായ അക്രമി സംഘമാണ് നെയമ്റുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തതെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
ആക്രമികള്‍ വീട്ടിലെത്തിയപ്പോള്‍ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. ആക്രമണത്തില്‍ ബ്രൂണയുടെ മാതാപിതാക്കള്‍ക്ക് പരിക്കില്ല. അക്രമികള്‍ നെയ്മറുടെ വീടിന് അകത്തേക്ക് പോകുന്നത് കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധധാരികളായ മൂന്നംഗ അക്രമിസംഘമാണ് നെയ്മറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന പേഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ അക്രമി സംഘം കൊണ്ടുപോയെന്നും സാവോപോളോ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമി സംഘത്തിലെ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് അക്രമി സംഘത്തിലെ മറ്റ് രണ്ടുപേരെയും തിരിച്ചിറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ ആള്‍ ബ്രൂണയുടെ കുടുംബം താമസിക്കുന്ന അതേ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കുന്നയാളാണ്. ഇയാള്‍ വഴിയാണ് മറ്റ് രണ്ട് അക്രമികളും വീട്ടില്‍ എത്തിയതെന്നാണ് സൂചന. വീട്ടിലെത്തിയ ഉടനെ ബ്രൂണയെയും കുഞ്ഞിനെയുമാണ് അക്രമികള്‍ അന്വേഷിച്ചത്. ഇവര്‍ സ്ഥലത്തില്ലെന്ന് കണ്ടതോടെയാണ് വീട്ടിലുള്ള വിലയേറിയ വസ്തുകള്‍ എടുത്തുകൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഭാഗ്യത്തിവ് ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണക്കും കുഞ്ഞ് പിറന്നത്. സൗദി ക്ലബ്ബായ അല്‍ ഹിലാലിന് വേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കുമൂലം ചികിത്സയിലാണ്.
Post a Comment