കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ ബംഗളൂരുവിൽ വായ്പ തട്ടിപ്പ് നടത്തിയ 5 പ്രതികൾ പിടിയിൽ. 200ലധികം വിദ്യാർഥികളുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കൊല്ലം ചെങ്കുളം സ്വദേശി ലിജോ ജേക്കബ് ജോൺ ആണ് ഒന്നാം പ്രതി. നെടുങ്കണ്ടം സ്വദേശികളായ ജിതിൻ തോമസ്, മൃദുൽ ജോസഫ്, കട്ടപ്പന നത്തുകല്ല് സ്വദേശി ജസ്റ്റിൻ ജെയിംസ്, കണിശേരിയിൽ അനൂപ് കെ ടി എന്നിവരാണ് മറ്റു പ്രതികൾ. ബംഗളൂരുവിലെ പ്രമുഖ നേഴ്സിഗ് കോളജിൽ അഡ്മിഷനും പഠനത്തിനും പലിശ രഹിത വായ്പയും എടുത്തു നൽകാമെന്നു പറഞ്ഞാണ് ഇവർ രക്ഷകർത്താക്കളെ സമീപിച്ചിത്. തട്ടിപ്പിനിരയായ ആറ് രക്ഷിതാക്കൾ തങ്കമണി പോലീസിൽ നൽകിയ പരാതിയിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.
മുന്തിയ കോളജ് കാണിച്ച് രക്ഷിതാക്കളെ വിശ്വസിപ്പിച്ച ശേഷം ചെറുകിട കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി നൽകും. തുടർന്ന് കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കും. കോളജിൽ ഫീസ് അടക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുകയും ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിൽ നിന്നും നോട്ടീസും വന്നതോടെയുമാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. ഓരോ വിദ്യാർഥിയിൽ നിന്നും 25,000 രൂപ പ്രോസസിംഗ് ഫീസ് ആയും പ്രതികൾ ഈടാക്കിയിരുന്നു.
വായ്പ കെണിയിൽ കുടുങ്ങിയതോടൊപ്പം വിദ്യാർത്ഥികളുടെ തുടർ പഠനവും മുടങ്ങിയിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.
Post a Comment