Join News @ Iritty Whats App Group

സ്ഥിരീകരിച്ചത് 8 സിക്ക കേസ്, പ്രതിരോധം ശക്തമായി തുടരുന്നു: ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി


തിരുവനന്തപുരം: തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എട്ട് സിക്ക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഒക്‌ടോബര്‍ 30ന് ആദ്യ സിക്ക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 31ന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഘം നവംബര്‍ 1, 2, 5 തീയതികളിലും സന്ദര്‍ശിച്ചു. നവംബര്‍ ഒന്നിന് ജില്ലാ കോടതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ 55 പേര്‍ പങ്കെടുത്തു. 24 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നവംബര്‍ രണ്ടിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചതായി മന്ത്രി വ്യക്തമാക്കി.

സിക്ക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാര്‍വ സര്‍വേ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുകൂടാതെ നവംബര്‍ 5ന് ഫോഗിംഗ്, സോഴ്‌സ് റിഡക്ഷന്‍, എന്റോമോളജിക്കല്‍ സര്‍വേ എന്നിവ നടത്തി.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. സിക്ക രോഗം റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തനാക്കി. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേതാണ്. കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group