Join News @ Iritty Whats App Group

കനത്ത ഭൂചലനത്തില്‍ നേപ്പാളില്‍ 70 മരണം ; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, പ്രകമ്പനം ഇന്ത്യയിലും


കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 70 മരണം. വീടുകളും കെട്ടിടങ്ങളും തകര്‍ന്നത് ഉള്‍പ്പെടെ കനത്ത നാശനഷ്ടമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് ഉണ്ടായത്. പ്രഭവകേന്ദ്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു.

ജാജര്‍കോട്ടിലെ രാമിഡാന പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജാജര്‍ക്കോട്ട് ജില്ലയില്‍ മാത്രം 34 പേര്‍ മരണമടഞ്ഞു. തൊട്ടടുത്ത പ്രദേശമായ രുക്കം വെസ്റ്റ് ജില്ലയില്‍ 35 പേരും മരണമടഞ്ഞു. പലയിടത്തും വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും അനേകര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായതായിട്ടാണ് വിവരം.

ഭൂചലനത്തില്‍ മനുഷികവും ഭൗതികവുമായ എല്ലാത്തരം നാശനഷ്ടങ്ങളിലും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ടി 3 സുരക്ഷാ ഏജന്‍സികളെ വിളിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം നേപ്പാളില്‍ സമീപകാലത്തായ നിരന്തരം ഭൂചലനങ്ങളും ആള്‍നാശവും സംഭവിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group