കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
അതേസമയം അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.
അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാൻ മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
Post a Comment