Join News @ Iritty Whats App Group

'അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നല്‍കൂ'; പ്രവീണിനെ അക്രമിക്കാനൊരുങ്ങി നാട്ടുകാർ


മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ അക്രമിക്കാനൊരുങ്ങി പ്രദേശവാസികള്‍. വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. 'കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ'യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തത്. 

പൊലീസ് സംഘത്തെ തടഞ്ഞാണ് നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുക്കണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നെന്ന് ഉഡുപ്പി എസ്പി അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് നിന്ന് നാട്ടുകാരെ ഒഴിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങിയത്. ബുധനാഴ്ചയാണ് പ്രവീണിനെ ഉഡുപ്പി കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീണ്‍ ചൗഗാലെയെ ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉഡുപ്പിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. 

എയര്‍ ഇന്ത്യ ജീവനക്കാരിയായിരുന്ന അയനാസിനോടുള്ള പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ അവസാനിച്ചതെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. അയനാസിനെ ലക്ഷ്യമിട്ടാണ് പ്രതി സ്ഥലത്തെത്തിയത്. 'ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ, അയനാസുമായി അടുത്ത സൗഹൃദം പ്രവീണ്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെ അയനാസ് പ്രവീണുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യത്തിലാണ് അയനാസിനെ കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ പ്രതി ഉഡുപ്പിയില്‍ എത്തിയ'തെന്നാണ് അന്വേഷണസംഘം അറിയിച്ചത്. മൂന്നു മാസത്തോളം മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രവീണ്‍ കുമാര്‍, ആ ജോലി രാജി വച്ച ശേഷമാണ് എയര്‍ ഇന്ത്യയുടെ ഭാഗമായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണ്‍ മംഗളൂരുവിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group