സിം സ്വാപ് തട്ടിപ്പ് സംഘങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പിനിരയായ ഡല്‍ഹിയിലെ 35കാരിയായ അഭിഭാഷകയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തട്ടിപ്പിന് മുന്നോടിയായി ആദ്യം തന്റെ ഫോണിലേയ്ക്ക് മൂന്ന് മിസ്ഡ് കോള്‍ വന്നുവെന്നും യുവതി പറഞ്ഞു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് കാലിയായത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ആക്‌സസ് ചെയ്യുന്ന തട്ടിപ്പ് സംഘം അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.
എന്താണ് സിം സ്വാപ് തട്ടിപ്പ് ?
തട്ടിപ്പിനെപ്പറ്റി കൂടുതല്‍ അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഡല്‍ഹിയിലെ അഭിഭാഷകയ്ക്ക് പണം നഷ്ടപ്പെട്ടത് എന്ന് നോക്കാം. യുവതിയുടെ ഫോണിലേക്ക് ആദ്യം മൂന്ന് മിസ്ഡ് കോള്‍ വന്നിരുന്നു. ഇവര്‍ തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ചിരുന്നില്ല. തൊട്ടുപിന്നാലെയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായുള്ള മെസേജ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഒടിപിയൊ, മറ്റ് വ്യക്തിഗത വിവരങ്ങളോ യുവതി ആര്‍ക്കും നല്‍കിയിട്ടുമില്ല.
ഒക്ടോബര്‍ പതിനെട്ടിനാണ് സംഭവം നടന്നത്. ഉടന്‍ തന്നെ യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. മൂന്ന് മിസ്ഡ് കോള്‍ തന്റെ ഫോണിലേക്ക് വന്നിരുന്നുവെന്നും യുവതി പറഞ്ഞു. മറ്റൊരു നമ്പറില്‍ നിന്ന് ഈ അജ്ഞാത നമ്പറിലേക്ക് വിളിച്ചപ്പോഴാണ് കൊറിയര്‍ ഡെലിവറിയ്ക്ക് വേണ്ടിയാണ് വിളിച്ചതെന്ന് പറഞ്ഞത്.
” ഒടിപി, ബാങ്ക് വിവരങ്ങള്‍, പാസ്‌വേര്‍ഡ് അങ്ങനെ യാതൊന്നും അഭിഭാഷക ആരോടും പറഞ്ഞിട്ടില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് നിരവധി തവണ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്,” അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അസാധാരണ ബ്രൗസിംഗ് ഹിസ്റ്ററിയാണ് യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ചത്. നിരവധി ഫിഷിംഗ് ലിങ്കുകളും മെസേജുകളും യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കുന്നതിലാണ് സിം സ്വാപ് സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്. ഡ്യൂപ്ലിക്കേറ്റ് സിം ലഭിക്കുന്നതിനായി അവര്‍ ഇത്തരം മാര്‍ഗങ്ങൾ ഉപയോഗിക്കുന്നു.
എങ്ങനെ സുരക്ഷിതരായിരിക്കാം?
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും നല്‍കാതിരിക്കുക. മേല്‍വിലാസം, ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും വെളിപ്പെടുത്തരുത്. സിം കാര്‍ഡ് ഇടയ്ക്കിടെ പ്രവര്‍ത്തന രഹിതമാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം ടെലികോം ഓപ്പറേറ്ററെ അറിയിക്കണം. കൂടാതെ ബാങ്കില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ നിങ്ങളുടെ ഒടിപി വിവരങ്ങള്‍ ചോദിക്കാറുണ്ട്. ഇത്തരം രീതികള്‍ സിം സ്വാപ് തട്ടിപ്പില്‍ ഈ സംഘങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. അതിനാല്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് അല്ലാതെ ആര്‍ക്കും നല്‍കരുത്.
Post a Comment