ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെല്‍ അവീവിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയത് നവംബര്‍ രണ്ടുവരെ ദീര്‍ഘിപ്പിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
ഒക്ടോബര്‍ ഏഴിനാണ് എയര്‍ ഇന്ത്യ തെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. ആഴ്ചയില്‍ അഞ്ച് സര്‍വിസുകളാണ് എയര്‍ ഇന്ത്യ തെല്‍ അവീവിലേക്ക് നടത്തിയിരുന്നത്.
അതിനിടെ, വടക്കന്‍ ഗസ്സയില്‍ ടാങ്കുകള്‍ ഉപയോഗിച്ച് കരയാക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമര്‍ശം. 344 കുട്ടികള്‍ ഉള്‍പ്പെടെ ഗസ്സയില്‍ ബുധനാഴ്ച 756 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവര്‍ 6546 ആയി.
Post a Comment