കേളകം: വാളുമുക്കില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നവരെ ആക്രമിക്കാൻ കാട്ടാനയുടെ ശ്രമം. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീട്ടിലുള്ളവരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ച ശബ്ദം കേട്ട് ആന പിൻവാങ്ങുകയായിരുന്നു. വീടിനു സമീപത്തെ മതില്‍ക്കെട്ട് ആന ഇടിച്ചുതകര്‍ക്കുകയും ചെയ്തു. ആനമതില്‍ തകര്‍ന്ന പ്രദേശത്തു കൂടിയാണ് കാട്ടാന കടന്നുവന്നതെന്നാണ് കരുതുന്നത്.
സമീപത്തെ ചക്കിമംഗലം കുഞ്ഞച്ചന്‍റെ വീടിന് സമീപത്തടക്കം വിവിധയിടങ്ങളിലെ കൃഷിയും നശിപ്പിച്ചു. ആഴ്ചകളായി ഇവിടെ കാട്ടാന ആക്രമണം തുടര്‍ന്നിട്ടും വനംവകുപ്പ് നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പൊളിഞ്ഞ ആനപ്രതിരോധ മതില്‍ പുനര്‍നിര്‍മിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment