Join News @ Iritty Whats App Group

വിദ്വേഷ പ്രചരണം നടത്തുന്നത് കേന്ദ്ര മന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടി ഉണ്ടാകും: മുഖ്യമന്ത്രി


കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നത് കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എംവി ഗോവിന്ദന്‍ അടക്കം നാല് പേര്‍ക്കെതിരെ കെപിസിസി നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, എംവി ഗോവിന്ദന്‍ വിദ്വേഷ പ്രചാരണം നടത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം വി ഗോവിന്ദന്‍ ഏതെങ്കിലും വിധത്തില്‍ വിദ്വേഷ പ്രചരണം നടത്തിയിട്ടില്ല. മറ്റവരെ മെല്ലെ സഹായിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം പരിപാടി വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വര്‍ഗീയതക്ക് ഇവിടെ ഇടം ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. കേരളത്തിന്റെ സംസ്‌കാരത്തെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങള്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. നവകേരളത്തിന്റെ ഭാവി രൂപ രേഖ തയ്യാറാക്കാന്‍ ലക്ഷ്യമിട്ട് 25 സെമിനാറുകള്‍ നടക്കും. ഏതാനും നേതാക്കള്‍ പങ്കെടുത്തില്ല എന്ന് കരുതി ജനങ്ങള്‍ പങ്കെടുക്കാതിരിക്കില്ല. കേരളീയത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ പെരുമാറ്റം ഒരു തരത്തിലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കേണ്ടി വന്നത് തെറ്റ് മനസിലായത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് വലിയ മനോവിഷമം ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുന്നത് അവരുടെ മനോവിഷമം മൂലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കെപിസിസി പരാതിനല്‍കിയിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തും വിധം കുപ്രചരണം നടത്തിയെന്നാണ് പരാതി. പൊതു പ്രവര്‍ത്തകരുടെ വസ്തുതാപരാമര്‍ശം അന്വേഷിക്കണമെന്ന് പരാതിയില്‍ കെപിസിസി ആവശ്യപ്പെട്ടു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോക്ടര്‍ സരിന്‍ ആണ് പരാതി നല്‍കിയത്. എം വി ഗോവിന്ദനു പുറമേ ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ഇടത് സഹയാത്രികന്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. IPC 153 A ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം.

കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group