കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടതിൻ്റെ നടുക്കതിലാണ് ഏവരും. 24 വയസ് മാത്രമുള്ള രാഹുൽ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ന് ഉച്ചയോടെ പരാജയപ്പെടുകയായിരുന്നു. ശേഷം ആശുപത്രി അധികൃതർ ഇന്ന് 2.55 ന് രാഹുലിൻ്റെ മരണ വാർത്ത അറിയിക്കുകയായിരുന്നു. ഇതോടെ വീണ്ടും സംസ്ഥാനത്ത് ഷവർമ കഴിച്ചുള്ള മരണം ഉണ്ടായോ എന്ന ആശങ്ക കൂടിയാണ് ശക്തമാകുന്നത്. ഇക്കാര്യത്തിൽ ഏറെ നിർണായകം രാഹുലിൻ്റെ രക്ത പരിശോധഫലമാകും. ഇതിനൊപ്പം തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മരണ കാരണം എന്താണെന്ന് അറിയുന്നതിൽ ഏറെ പ്രധാനമാകും. ഇവ രണ്ടും പരിശോധിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.
കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി.
കഴിഞ്ഞ ബുധനാഴ്ച ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ ഈ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് 2.55 ഓടെ യുവാവ് മരണത്തിന് കീഴടങ്ങിയത്. രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ രാഹുലിൻ്റെ മരണത്തിൽ വ്യക്തത കൈവരും.
Post a Comment