ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയില്‍ സ്വദേശി ജോസിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ദേഹം മുഴുവന്‍ പരിക്കേറ്റ പാടുകളുണ്ട്.
ആനയിറങ്ങിയ വിവരം അറിഞ്ഞ് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ജോസ് ഉളിക്കല്‍ ടൗണിലേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സ്ഥലം എംഎല്‍എ പറഞ്ഞു. മകനും ബന്ധുവും സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞതായും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം, ഉളിക്കല്‍ ടൗണില്‍ ഭീതി പരത്തിയ കാട്ടാന തിരിച്ച് കാടു കയറി. രാത്രി മുഴുവന്‍ പ്രദേശത്ത് തങ്ങിയ ആന പുലര്‍ച്ചെ പീടികക്കുന്ന് വഴി കര്‍ണാടക വനമേഖലയില്‍ പ്രവേശിച്ചു.
കര്‍ണാടക വനത്തില്‍നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉളിക്കല്‍ ടൗണില്‍ കാട്ടാനയെത്തിയത്. അഞ്ചുമണിക്കൂറോളമാണ് കാട്ടാന ടൗണില്‍ നിലയുറപ്പിച്ചത്. പിന്നീട് ആനയെ ടൗണില്‍ നിന്ന് മാറ്റിയെങ്കിലും കാടു കയറാന്‍ തയാറാകാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പടക്കം പൊട്ടിച്ച് ആനയെ കാടു കയറ്റാന്‍ രാത്രിവരെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് വിജയം കണ്ടില്ല.
ഇന്നലെ രാവിലെ ആറു മണിയോടെയാണ് ജനവാസ മേഖലയില്‍ കാട്ടാനയെ കണ്ടത്. ഉളിക്കല്‍ ലാറ്റിന്‍ പള്ളിക്കു സമീപമുള്ള കൃഷിയിടത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ വൈകുന്നേരത്തോടെയാണ് പടക്കം പൊട്ടിച്ച് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയത്. മാട്ടറ ഭാഗത്തേക്ക് തിരിഞ്ഞ കാട്ടാനയുടെ പിന്നാലെ വനം വകുപ്പ് സംഘം പിന്തുടരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കശുമാവിന്‍ തോട്ടത്തില്‍ നിലയുറപ്പിച്ച കാട്ടാന പിന്നീട് മണിക്കൂറുകള്‍ക്കു ശേഷമാണ് വയത്തൂരിലേക്ക് മാറിയത്. അവിടെ മൂന്നു മണിക്കൂര്‍ ചെലവഴിച്ചതിനു ശേഷമാണ് കാട്ടാന മടങ്ങിയത്.
ആനയെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് ആറുപേര്‍ക്ക് വീണ് പരിക്കേറ്റത്.കാട്ടാനയെ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടിയത് പലപ്പോഴും ദൗത്യത്തിന് തിരിച്ചടിയായി മാറിയിരുന്നു. ജനങ്ങള്‍ വീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ പലരും കൂട്ടാക്കിയില്ല.
Post a Comment