ഗാസ: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും വിട്ടയച്ചെന്ന് ഹമാസ്. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം. 59കാരി ജൂഡിത്ത് റാനന്‍, 18കാരി മകള്‍ നേറ്റലി റാനന്‍ എന്നിവരെയാണ് ഗാസയിലെ റെഡ് ക്രോസ് സംഘത്തിനാണ് ഹമാസ് കൈമാറിയത്. ശേഷം ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ ഇവരെ എത്തിച്ചു.
ഇരുവരെയും മോചിപ്പിച്ച വിവരം അമേരിക്കയും സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഹമാസ് തടവിലാക്കിയ രണ്ട് പേരും നിലവില്‍ ഇസ്രയേല്‍ അധികൃതരുടെ സംരക്ഷണയിലാണ്. യുഎസ് എംബസിയില്‍ നിന്നുള്ള സംഘം ഇരുവരെയും ഉടന്‍ നേരില്‍ കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
അതേസമയം, ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു. അല്‍ അഹ്ലി ആശുപത്രിയില്‍ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാന്‍ ഉടനടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തോടായി റെഡ് ക്രസന്റ് പറഞ്ഞു.
കഴിഞ്ഞദിവസം ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post a Comment