ഇരിട്ടി: തലശ്ശേരി- വളവ്പാറ അന്തർ സംസ്ഥാന പാതയിലെ നിർമ്മാണ അപാകതക്കെതിരെ രൂക്ഷ വിമർശനവുമായി ഇരിട്ടി താലൂക്ക് വികസനസമിതി യോഗം. ഇതിലെ അപാകതകളെക്കുറിച്ചും അത് പരിഹരിക്കാനും ഇപ്പോൾ ആരോടാണ് പറയേണ്ടതെന്ന് ചോദ്യമാണ് വികസന സമിതിയിൽ ഉയർന്നത്. ഇതിന് നാഥനില്ലാത്ത അവസ്ഥയാണെന്നും വിമർശന മുയർന്നു. കെ എസ് ടി പിയോട് ചോദിക്കുമ്പോൾ പൊതുമരാമത്തിന് കൈമാറിയെന്നാണ് പറയുന്നത്. എന്നാൽ തങ്ങൾ റോഡ് ഏറ്റെടുത്തിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പും പറയുന്നു. റോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ താലൂക്ക് യോഗത്തിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമായ ഒരു മറുപടി പോലും ലഭിക്കുന്നില്ലെന്നും മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത് രൂക്ഷ വിമർശനവുമായി മുന്നോട്ടു വന്നപ്പോൾ എം എൽ എ ഉൾപ്പെടെ മറ്റ് ജനപ്രതിനിധികളും അത് ഏറ്റെടുത്തു. കോടികൾ മുടക്കി നിർമ്മിച്ച റോഡിന് ഇപ്പോൾ ഒരു നാഥനില്ലാത്ത അവസ്ഥയാണ്. കരാറുകാരൻ പണി പൂർത്തിയാക്കി അവർക്ക് വേണ്ടതും കൊണ്ട് പോയി. റോഡിന്റെ പലഭാഗങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. സോളാർ വഴി വിളക്കുകൾ ഒന്നും കത്തുന്നില്ല. മട്ടന്നൂർ ടൗണിലെ പ്രധാന കവല എന്നും അപകടകെണിയായി മാറുന്നു. ഈക്കാര്യങ്ങളൊക്കെ ആരോടാണ് പറയേണ്ടതെന്ന് മട്ടന്നൂർ നഗരസഭാ ചെയർമാൻ ചോദിച്ചു. ഇതുതന്നെയാണ് എല്ലാവരും ചോദിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എം എൽ എയും പറഞ്ഞു. റോഡ് പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ലെന്ന് യോഗത്തിൽ എത്തിയ മരാമത്ത് എഞ്ചിനീയർ പറഞ്ഞപ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജനപ്രതിനിധികൾ പരിഹസിക്കുകയും ചെയ്തു.
അന്തർ സംസ്ഥാന പതയിലെ സോളാർ വഴിവിളക്കിന്റെ ബാറ്ററികൾ യാത്രക്കാരുടെ തലയിൽ എപ്പോൾ വീഴുമെന്ന് പറയാനാവില്ലെന്നും അപകടം സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും മുസ്ലിംലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരിയും പറഞ്ഞു. എം എൽ എ കെ എസ് ടി പി പ്രതിനിധിയെ മറുപടിക്കായി ക്ഷണിച്ചെങ്കിലും വ്യക്തമായ വിശദീകരണം പോലും നൽകാൻ അദ്ദേഹത്തിനായില്ല. മാക്കൂട്ടം - ചുരം റോഡിൽ മരം വീണ് ഉണ്ടാകുന്ന അപകടങ്ങളും റോഡിന്റെ ശോച്യാവസ്ഥയും ബന്ധപ്പെട്ടവരെ അറിയിക്കാൻ യോഗം തഹസിൽദാരെ ചുമതലപ്പെടുത്തി. എൻ സി പി അംഗം കെ.പി. ഷാജിയാണ് റോഡിലെ അപകടാവസ്ഥ യോഗത്തിൽ ഉന്നയിച്ചത്. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്രവ്യത്തികൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. താലൂക്ക് ആസ്ഥാനത്തേക്ക് എത്തുന്ന പ്രധാന റോഡുകളായ നെടുംപൊയിൽ - ഇരട്ടി , മാടത്തിൽ - കീഴ്പ്പള്ളി , കക്കുവ - ആറളം ഫാം - കാക്കയങ്ങാട്, മാട്ടറ- ഉളിക്കൽ -ഇരിട്ടി എന്നീ പ്രധാനപാതകൾ എല്ലാം തകർന്നു കിടക്കുകയാണെന്നും 12 വർഷത്തിലധികമായി ഇവ നവീകരിച്ചിട്ടെന്നും എം എൽ എ പറഞ്ഞു. ഇവയുടെ നവീകരണത്തിനായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും പണം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ യോഗത്തെഅറിയിച്ചു. പേരിന് രാജ്യാന്തര വിമാനത്താവളമാണെങ്കിലും അതിനുള്ള സൗകര്യം വിമാനത്താവളത്തിൽ ഉണ്ടാകുന്നില്ലെന്ന് സി പി ഐ അംഗം പായം ബാബുരാജ് പറഞ്ഞു.
പാൽച്ചുരം - ബോയ്‌സ് ടൗൺ റോഡന്റെ നവീകരണ പ്രവ്യത്തി ഒരാഴ്ച്ചക്കുള്ളിൽ ആരംഭിക്കണമെന്ന് യോഗം നിർദ്ദേശം നൽകി. റഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി ജനതാദൾ അംഗം ദിലിപൻ പറഞ്ഞു. കാലതാമസം ഒഴിവാക്കാൻ നടപടിയുണ്ടാക്കണമെന്ന എം എൽ എ ആവശ്യപ്പെട്ടു. യോഗത്തിൽ തഹസിൽദാർ സി .വി. പ്രകാശൻ , എൽ ആർ താഹസിൽദാർ എം .ലക്ഷ്മണൻ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ മാത്തുക്കുട്ടി പന്തപ്ലാക്കൽ, തോമസ് വർഗീസ്, തോമസ് തയ്യിൽ , കെ. മുഹമ്മദ് അലി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
Post a Comment