മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പ്രിൻസിപ്പലിന്റെ മുന്നിലിട്ടായിരുന്നു അധ്യാപകനെ വിദ്യാർത്ഥി മർദിച്ചത്. സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനം.
കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിച്ചു പ്രിൻസിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദിക്കുകയായിരുന്നു.
വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് ജുവനൈൽ കോടതി ജഡ്ജിക്കു റിപ്പോർട്ട് കൈമാറി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ സസ്പെൻസ് ചെയ്തിട്ടുണ്ട്.
Post a Comment