Join News @ Iritty Whats App Group

നികുതിയിളവ് കിട്ടണമെങ്കില്‍ പേരിനു മാത്രം സൗജന്യപോരെന്ന് ഹൈക്കോടതി ; കോടികളുടെ റവന്യൂ റിക്കവറി ഒഴിവാക്കാന്‍ ആശുപത്രികള്‍ സുപ്രീം കോടതിയില്‍


കൊച്ചി : 1975 ലെ കേരള കെട്ടിടനികുതി നിയമം സെക്ഷന്‍ 3 (1) പ്രകാരം കെട്ടിടനികുതിയിളവ് അനുവദിക്കണമെങ്കില്‍ ആശുപത്രികളുടെ പ്രധാന കെട്ടിടങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നു വീണ്ടും ഹൈക്കോടതി.

പേരിനുമാത്രം സൗജന്യം നല്‍കിയാല്‍ ഇളവിന് അര്‍ഹതയില്ല. നികുതിയിളവു നല്‍കാനാവില്ലെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരേ സേക്രഡ് ഹാര്‍ട്ട് ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ ആശുപത്രിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്റെ വാദം വീണ്ടും കേള്‍ക്കാന്‍ െഹെക്കോടതിയോടു നിര്‍ദ്ദേശിക്കുകയായിരുന്നു.2014 ലെ സേക്രഡ് ഹാര്‍ട്ട് ആശുപത്രി കേസിലാണു ആശുപത്രി കെട്ടിടങ്ങള്‍ക്കു നികുതി നല്‍കാന്‍ അര്‍ഹതയുണ്ടെന്നു ഹൈക്കോടതി വിധിച്ചത്.

അന്നുമുതല്‍ കെട്ടിടങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തി ഉത്തരവും പുറപ്പെടുവിച്ചു. എന്നാല്‍, ആശുപത്രി കെട്ടിടങ്ങള്‍ക്കു നികുതി ഇളവു നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടമുണ്ടായ സാഹചര്യത്തിലാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും വീണ്ടും കേള്‍ക്കാന്‍ െഹെക്കോടതിയോടു നിര്‍ദ്ദേശിച്ചതും.

വാദംകേട്ട െഹെക്കോടതി ഡിവിഷന്‍ ബെഞ്ച്, വരുമാനത്തിന്റെ നാലു ശതമാനം മാത്രമേ ആശുപത്രികള്‍ ചാരിറ്റിക്ക് ഉപയോഗിക്കുന്നുള്ളുവെന്നു വ്യക്തമാക്കി കെട്ടിടനികുതിക്ക് ഒഴിവില്ലെന്ന് ഉത്തരവിട്ടു. ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും ഫ്രീ മെഡിക്കല്‍ റിലീഫിനു വിനിയോഗിച്ചാല്‍ മാത്രമേ കെട്ടിടനികുതി ഇളവുള്ളൂവെന്നും കോടതി വ്യക്തമാക്കി. ആശുപത്രികള്‍ പേരിനുമാത്രം ചാരിറ്റി നല്‍കി വന്‍തുക നികുതി വെട്ടിക്കുകയാണെന്നു സര്‍ക്കാര്‍ വാദിച്ചു. നികുതിയിളവു നല്‍കുമ്പോള്‍ സേവനമെല്ലാം സൗജന്യമാകണമെന്ന സര്‍ക്കാര്‍ വാദം െഹെക്കോടതി അംഗീകരിക്കുകയായിരുന്നു.വിധിയേതുടര്‍ന്നു കോടികളുടെ കെട്ടിടനികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതോടെ പല ആശുപത്രികളും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

അതിനിടെ, സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തു എറണാകുളം ലിസി ആശുപത്രി സുപ്രീംകോടതിയെ സമീപിച്ചു. ലിസി ആശുപത്രി ചട്ടപ്രകാരം സൗജന്യ സേവനം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കെട്ടിടം പിടിച്ചെടുക്കാന്‍ തഹസില്‍ദാര്‍ നടപടിയാരംഭിച്ചതോടെയാണു ലിസി ആശുപത്രി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നടപടി ഒഴിവാക്കാന്‍ കൂടുതല്‍ ആശുപത്രികള്‍ കേസില്‍ കക്ഷിചേര്‍ന്നേക്കും.െഹെക്കോടതി ഉത്തരവ് സംസ്ഥാനത്തെ മിഷന്‍, സൂപ്പര്‍ സ്പഷൊലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ ചാരിറ്റി ഇളവുള്ള ആശുപത്രികള്‍ക്കെല്ലാം തിരിച്ചടിയാകും. കോടികളുടെ കെട്ടിടനികുതി അടയ്‌ക്കേണ്ട ബാധ്യത വന്നിരിക്കുകയാണ്.

ആശുപത്രികളില്‍നിനു കെട്ടിട നികുതിയിനത്തില്‍ കോടികളുടെ വരുമാനമാണു സര്‍ക്കാരിനു ലഭിക്കുന്നത്. 1975 ലെ കേരള കെട്ടിടനികുതി നിയമം സെക്ഷന്‍ 3 (1) പ്രകാരം നികുതിയിളവിനു അര്‍ഹതയുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. ചാരിറ്റബിള്‍ ലക്ഷ്യത്തോടെ പാവപ്പെട്ടവര്‍ക്കു ആശ്വാസവും െവെദ്യസഹായവും ചെയ്യുന്ന സ്ഥാപനങ്ങളുടെ പരിധിയിലാണു ആശുപത്രികള്‍ വരുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ നടത്തുന്ന സാമൂഹിക സേവനങ്ങളുടെ പട്ടികയും ആശുപത്രി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആരാധനാലയങ്ങള്‍, വര്‍ക്ക്‌ഷോപ്പ്, ഫാക്ടറി കെട്ടിടങ്ങള്‍ക്കാണു നിലവില്‍ നികുതിയിളവുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group