Join News @ Iritty Whats App Group

ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെളളവും നിഷേധിക്കുന്നത് ഇസ്രയേലിന് തന്നെ തിരിച്ചടിയാകും: ഒബാമ

വാഷിങ്ടന്‍: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ നടപടികള്‍ അവര്‍ക്കു തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുളള നടപടികള്‍ക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്.

ഇസ്രയേലിനോടുളള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികള്‍ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇസ്രയേലിന് ലോകരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകള്‍ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവര്‍ക്കു തന്നെ വിനയാകും. യുദ്ധമുഖത്ത് തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയില്‍) ഭക്ഷണം, വെളളം, വൈദ്യൂതി എന്നിവ നിഷേധിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെ തീരുമാനം അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. മാത്രമല്ല പലസ്തീന്റെ വരും തലമുറകള്‍ക്കും ഇസ്രയേലിനോടുളള വിരോധം വര്‍ധിക്കും.

ഇസ്രയേലിനുളള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുളള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഈ നടപടികള്‍ ഇടയാക്കും-ഒബാമ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group