ഗോരഖ്പൂര്‍: സനാതന ധര്‍മ്മം മാത്രമാണ് ഏകമതമെന്നും ബാക്കിയുള്ളതെല്ലാം വിഭാഗങ്ങളും ആരാധനാ രീതികളുമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന്‍ മനുഷ്യത്വത്തിന്റെ മതമാണെന്നും അതിനെ ആക്രമിക്കുന്നത് ലോകത്തുടനീളമുള്ള മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണെന്നും പറഞ്ഞു. സനാതന ധര്‍മ്മത്തെക്കുറിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ആദിത്യനാഥിന്റെ പ്രസ്താവന.
ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നടന്ന ഏഴുദിവസത്തെ ശ്രീമദ് ഭഗവത് കഥാ ജ്ഞാന യജ്ഞ പരിപാടിയില്‍ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. മഹന്ത് ദിഗ്വിജയ് നാഥിന്റെ 54-ാം ചരമവാര്‍ഷികത്തിന്റെയും ദേശീയ സന്യാസി മഹന്ത് വൈദ്യനാഥിന്റെ 9-ാം ചരമവാര്‍ഷികത്തിന്റെയും സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ശ്രീമദ് ഭഗവതിന്റെ അന്തഃസത്തകളെ മനസ്സിലാക്കാന്‍ തുറന്ന മനസ്സ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം മുഖ്യമന്ത്രി യോഗി കൂട്ടിച്ചേര്‍ത്തു.
'ഭഗവതിന്റെ കഥ അതിരുകളില്ലാത്തതാണ്, നിര്‍ദ്ദിഷ്ട ദിവസങ്ങളിലോ മണിക്കൂറുകളിലോ ഒതുങ്ങാന്‍ കഴിയില്ല. അത് അനന്തമായി ഒഴുകുന്നു, ഭക്തര്‍ അവരുടെ ജീവിതത്തിലേക്ക് അതിന്റെ സത്ത തുടര്‍ച്ചയായി ഉള്‍ക്കൊള്ളുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment